
ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമയുടെ മരണത്തിന് മണിക്കൂറുകൾ മുമ്പ് സലൂൺ സന്ദർശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മേയ് 12ന് ഉച്ചയ്‌ക്ക് 3.12നാണ് ട്വിഷ സലൂണിലെത്തിയത്. ഹെഡ് മസാജും പെഡിക്യൂറും ചെയ്‌ത ശേഷം വൈകിട്ട് 6.15നാണ് അവർ മടങ്ങിയത്. ഇതേ ദിവസമാണ് ട്വിഷ മരണപ്പെട്ടതും.
പിറ്റേദിവസം ട്വിഷയുടെ ഭർതൃമാതാവ് ഗിരിബാല സിംഗ് സലൂണിലേക്ക് വിളിച്ച് യുവതി എത്തിയതിന്റെ വിവരങ്ങൾ തിരക്കിയതായി സലൂൺ ഉടമ കിരൺ പരിഹാർ പറഞ്ഞു. മരുമകൾ എപ്പോഴാണ് സലൂൺ സന്ദർശിച്ചത്, അവൾ മടങ്ങിയ കൃത്യമായ സമയം, എങ്ങനെയാണ് പണം നൽകിയത് തുടങ്ങിയ എല്ലാ കാര്യങ്ങളും വിരമിച്ച ജഡ്‌ജി കൂടിയായ ഗിരിബാല സിംഗ് ചോദിച്ച് മനസിലാക്കി. ട്വിഷ സലൂൺ സന്ദർശിച്ചതിന് എന്തെങ്കിലും തെളിവോ രേഖയോ ഉണ്ടോയെന്നും അവർ ചോദിച്ചതായി കിരൺ പറഞ്ഞു. എന്നാൽ, ഫെബ്രുവരിയിൽ സഹോദരന്റെ വിവാഹ സമയത്ത് അവർ പ്രീ പെയ്‌ഡ് സലൂൺ പാക്കേജ് എടുത്തിരുന്നുവെന്നും അതിനാൽ പണം നൽകേണ്ടിവന്നില്ലെന്നും അയാൾ പറഞ്ഞു.
മേയ് 13ന് ഉച്ചയ്‌ക്ക് ശേഷം ട്വിഷ സലൂൺ സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഗിരിബാല വീണ്ടും കിരണിനെ വിളിച്ചു. അവരുടെ സംസാരത്തിൽ പരിഭ്രമമുണ്ടായിരുന്നു. ട്വിഷ വിഷമത്തിലാണോ വന്നത് അതോ സന്തോഷത്തോടെയായിരുന്നോ എന്നെല്ലാം ചോദിച്ച് മനസിലാക്കി. ശേഷം ട്വിഷ ആത്മഹത്യ ചെയ്‌തതായി കിരണിനെ അറിയിക്കുകയും ചെയ്‌തു. നിമിഷങ്ങൾക്കകം അഭിഭാഷകരുടെ വസ്‌ത്രം ധരിച്ച അഞ്ചോ ആറോപേരടങ്ങുന്ന സംഘം സലൂണിലെത്തി ട്വിഷയുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. പൊലീസിന് നൽകാനെന്ന് പറഞ്ഞ് അവർ ദൃശ്യങ്ങൾ കൈക്കലാക്കിയെന്നും കിരൺ പറഞ്ഞു. സലൂൺ ഉടമയുടെ വെളിപ്പെടുത്തൽ കേസിലെ ദുരൂഹത ആരോപണം ശരിവയ്‌ക്കുന്നതാണ്.
മേയ് 12ന് ഭോപ്പാലിലുള്ള ഭർതൃവീട്ടിൽ വച്ചാണ് ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സമർത് സിംഗും ഗിരിബാലയും മാനസികമായി പീഡിപ്പിച്ചതിനെത്തുടർന്നാണ് ട്വിഷ ആത്മഹത്യ ചെയ്‌തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ട്വിഷയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം ഒരിക്കൽക്കൂടി പോസ്റ്റ്‌മോർട്ടം ചെയ്യും. മദ്ധ്യപ്രദേശ് ഹൈക്കോടതിയാണ് ഇതിനനുകൂലമായി ഉത്തരവിട്ടത്. പത്ത് ദിവസത്തോളം ഒളിവിലായിരുന്ന സമർത് സിംഗ് ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |