രോഗിയായ ബന്ധുവിനെ സഹായിക്കാനെന്ന പേരിൽ വീട്ടിലെത്തി; ബാങ്ക് അക്കൗണ്ട് ചോർത്തി ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
ന്യൂഡൽഹി: ഭാര്യാ സഹോദരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത 26കാരൻ ഡൽഹി പൊലീസിന്റെ പിടിയിൽ. ശുഭം ജെയിൻ എന്ന യുവാവാണ് അസ്റ്റിലായത്. കെയർ ടേക്കറായി കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു ഇയാൾ ഭാര്യാ സഹോദരന്റെ അക്കൗണ്ടിൽ നിന്നും 1.48 ലക്ഷം രൂപ കവർന്നത്. മസ്തിഷ്‌കാഘാതത്തെ തുടർന്ന് തളർന്ന് കിടപ്പിലായിരുന്ന രോഹന്റെ പണമാണ് ജെയിൻ തട്ടിയെടുത്തത്.
രോഹനെ സഹായിക്കാനെന്ന പേരിൽ ശുഭം ജെയിൻ ജനുവരി മുതൽ ഇവരുടെ വീട്ടിൽ ഒപ്പം താമസിച്ചു വരികയായിരുന്നു. എന്നാൽ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ആരോ തട്ടിയെടുത്തതായി രോഹൻ മേയ് 13ന് സൈബർ പൊലീസിൽ പരാതി നൽകി. ഈ പരാതിയെക്കുറിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുടുംബം ഏറെ വിശ്വസിച്ച ശുഭം ജെയിൻ തന്നെയാണ് തട്ടിപ്പുകാരനെന്ന് വ്യക്തമായത്.
ബുരാരിയിൽ ട്യൂഷൻ സെന്റർ നടത്തിയിരുന്ന രോഹൻ, വിദ്യാർത്ഥികളിൽ നിന്ന് കിട്ടുന്ന ഫീസ് അമ്മയുടെ ബാങ്ക് അക്കൗണ്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ, തങ്ങളുടെ അറിവില്ലാതെ അക്കൗണ്ടിൽ നിന്ന് 1,48,626 രൂപ നഷ്ടപ്പെട്ടതായി പരിശോധനയിൽ കുടുംബം കണ്ടെത്തി. തുടർന്ന് നൽകിയ പരാതിയിൽ സൈബർ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. അക്കൗണ്ടിൽ നിന്നുള്ള പണം ആദ്യം ആതം ജീത് സിംഗ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും അവിടെ നിന്ന് പിന്നീട് പ്രതിയായ ജെയിന്റെ സ്വന്തം അക്കൗണ്ടിലേക്ക് തന്നെ എത്തിയെന്നും പൊലീസ് കണ്ടെത്തി. വിശ്വാസവഞ്ചന കാട്ടി പണം തട്ടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇയാൾ മുൻപും ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.