എഐ ഉപയോഗിച്ച് യുവതിയുടെ അശ്ളീല ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Thursday 28 May 2026 3:44 PM IST

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് യുവതിയുടെയും അമ്മയുടെയും അശ്ലീല ചിത്രങ്ങൾ നിർമിച്ച പുരോഹിതൻ അറസ്റ്റിൽ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുമിത് നേംചന്ദ് ശർമ്മ (27) എന്ന പുരോഹിതനാണ് അറസ്റ്റിലായത്. യുവതി സൗഹൃദം നിരസിച്ചതിന്റെ പ്രതികാരമായാണ് ഇയാൾ ചിത്രങ്ങൾ നി‌ർമിച്ചത്. ഇവ വിവിധ വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അഹമ്മദാബാദ് സിറ്റി സൈബർ ക്രൈം ബ്രാഞ്ച് ആണ് പുരോഹിതനെ പിടികൂടിയത്.

ഗുജറാത്ത് സ്വദേശിയായ യുവതിയാണ് സൈബർ അധിക്ഷേപത്തിനിരയായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ മതപ്രചാരണം നടത്തുന്നയാളാണ് സുമിത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാൾ യുവതിയുമായി പരിചയത്തിലായത്. തുടക്കത്തിൽ മതപരമായ കാര്യങ്ങളാണ് ഇവർ സംസാരിച്ചിരുന്നത്. പിന്നീട് കൂടുതൽ സൗഹൃദമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ യുവതി നിരസിച്ചു. 2025 ഡിസംബ‌ർ മുതൽ കഴിഞ്ഞ ഏപ്രിൽ ആറുവരെ ഇയാൾ യുവതിയെ സമൂഹമാദ്ധ്യങ്ങളിലൂടെ പിന്തുടർന്നിരുന്നു.

ഇൻസ്റ്റാഗ്രാമിൽ നിന്ന് യുവതിയുടെയും അമ്മയുടെയും ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് എഐ ഉപയോഗിച്ചാണ് ഇയാൾ അശ്ലീല ചിത്രങ്ങൾ നിർമിച്ചത്. ഇത്തരത്തിൽ നൂറിലധികം നഗ്നചിത്രങ്ങളും വീഡിയോകളും ഇയാൾ നിർമിച്ചു. യുവതിയുടെ പേരിൽ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ തുടങ്ങിയ പ്രതി നഗ്നചിത്രങ്ങൾ ഇതിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇവയിൽ അശ്ലീല കമന്റുകളും നൽകിയിരുന്നു. അഹമ്മദാബാദ് സൈബ‌ർ പൊലീസിൽ യുവതി നൽകിയ പരാതിയെത്തുടർന്നാണ് സുമിത് ഡൽഹിയിൽ നിന്ന് അറസ്റ്റിലായത്.