SignIn
Kerala Kaumudi Online
Wednesday, 27 May 2026 2.54 AM IST

ആശുപത്രി ടോയ്ലറ്റിൽ പ്രസവിച്ച കുഞ്ഞിനെ 19കാരി വെന്റിലേഷനിലൂടെ പുറത്തെറിഞ്ഞു

cvv

ഹരിപ്പാട്: വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പത്തൊൻപതുകാരി ആശുപത്രി ടോയ്ലറ്റിൽ പ്രസവിച്ചു. നവജാത ശിശുവിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു. ചോരക്കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപെട്ടു. ഗ്രൗണ്ട് ഫ്ളോറിലായിരുന്നു ടോയ്ലെറ്റ്.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. എറണാകുളത്ത് പാരാമെഡിക്കൽ പഠനത്തിനൊപ്പം ജോലിയും ചെയ്യുന്ന ഹരിപ്പാട് സ്വദേശിയായ അവിവാഹിതയായ യുവതിയെ വയറുവേദനയെയും നടുവേദനയെയും തുടർന്ന് തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കാണ് പിതാവും സഹോദരങ്ങളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. വയർ പരിശോധിക്കാൻ യുവതി ഡ‌ോക്ടർമാരെ അനുവദിച്ചില്ല. മുമ്പ് സ്കാൻ ചെയ്തിരുന്നെന്നും വയറ്റിൽ കൊഴുപ്പടിയുന്നതാണെന്നുമാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്. തനിക്ക് വേദന സംഹാരി നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടു. യുവതിക്ക് ഗർഭാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്നതിനാൽ ഡ്യൂട്ടി ഡോക്ടർ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് റെഫർ ചെയ്യാൻ ഒരുങ്ങവേയാണ് ടോയ്ലറ്റിൽ പ്രസവം നടന്നത്.

രാത്രി 12 മണിയോടെ ടോയ്ലറ്റിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിൽ പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടു. ഗർ‌ഭിണിയാണോ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ പെൺകുട്ടി നിഷേധിച്ചിരുന്നു. കെട്ടിടത്തിന് പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് നിർണായകമായത്. ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിൽ ടോയ്ലറ്റിനു പിൻഭാഗത്ത് കല്ലുകൾക്കും കമ്പികൾക്കുമിടയിൽ മണ്ണിൽ കിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തി. വീഴ്ചയിലുണ്ടായ ചതവല്ലാതെ കാര്യമായ പരിക്കൊന്നും കുഞ്ഞിനുണ്ടായിരുന്നില്ല.

അമ്മയും കുഞ്ഞും ചികിത്സയിൽ
ആശുപത്രി അധികൃതർ ഹരിപ്പാട് പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി. അമ്മയെയും കുഞ്ഞിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഇരുവരും ചികിത്സയിൽ തുടരുകയാണ്.

കുഞ്ഞിനെ സി.ടി സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കി. യുവതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY