വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; സംഭവം നാലാഞ്ചിറയിൽ

Wednesday 03 June 2026 7:18 AM IST

തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഭർത്താവ് സുരേഷ് (46) കാറിൽ കയറി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് കൊലപാതകം നടന്നത്.ദമ്പതികളുടെ മകൾ അമൃതയാണ് വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഹസീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികൾ നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. സുരേഷും ഹസീനയും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് സുരേഷിനെതിരെ കഴിഞ്ഞ ദിവസം ഹസീന പൊലീസിൽ പരാതിനൽകാൻ എത്തിയിരുന്നു. സുരേഷിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ചുവിട്ടതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇന്ന് പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കഴുത്തറുത്തത്. ശേഷം കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്. പൊലീസും ഫൊറൻസിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പുകൾ നടത്തുന്നുണ്ട്. ഒളിവിൽ പോയ സുരേഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.