മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ മരണം കൊലപാതകം; സുഹൃത്തുക്കൾ അറസ്റ്റിൽ

Sunday 26 January 2025 1:17 AM IST

തൃശൂർ: പുത്തൂരിൽ താമസിച്ചിരുന്ന മെഡിക്കൽ റെപ്രസന്റേറ്റീവ് മധുര സ്വദേശി സെൽവകുമാറിന്റെ (50) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സുഹൃത്തുക്കളായ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22നാണ് പുത്തൂർ നമ്പ്യാർ നഗറിൽ താമസിച്ചിരുന്ന സെൽവകുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് വ്യക്തമായത്. കൂട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും ലിംസണും ബിനുവും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമാണ് ചെയ്തതെന്ന് സമ്മതിച്ചത്. സംഭവത്തിനുശേഷം ഇരുവരും കടന്നുകളയുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി സെൽവകുമാർ ഇവിടെ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു.