SignIn
Kerala Kaumudi Online
Saturday, 30 May 2026 4.35 PM IST

അമേരിക്കയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഇന്ത്യൻ യുവാവിന് കഠിനതടവ്

kavankumar-patel


വാഷിംഗ്ടൺ: മനുഷ്യക്കടത്തുകാർ വഴി യുഎസിലെത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരന് അമേരിക്കൻ കോടതി പത്ത് വർഷം കഠിനതടവ് വിധിച്ചു. ഗുജറാത്ത് സ്വദേശിയായ 27കാരൻ കവൻകുമാർ പട്ടേലിനെയാണ് നെബ്രാസ്കയിലെ ഒമാഹയിലുള്ള യുഎസ് അറ്റോർണി ഓഫീസ് ശിക്ഷിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.

ഒമാഹയിലെ ‘അമേരിക്കൻ ഇൻ’ എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്ന കവൻകുമാർ, ഹോട്ടൽ മുറിയുടെ വാടക കുറച്ചുകൊടുക്കുന്നതിന് പകരമായി മനുഷ്യക്കടത്ത് സംഘത്തിന് പണം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഹോട്ടലിൽ നടന്ന ഒരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഒമാഹ പോലീസും ഹോംലാൻഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പെൺവാണിഭ സംഘത്തിന്റെ ക്രൂരത പുറത്തുവന്നത്. റെയ്ഡിൽ 15ഉം 16ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാണിജ്യ ലൈംഗിക ചൂഷണത്തിനായി എത്തിച്ച പെൺകുട്ടികളോട് ഹോട്ടൽ ജീവനക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ മുറിയിൽ നിന്ന് ഇറക്കിവിടുമെന്ന് മനുഷ്യക്കടത്തുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.ഹോട്ടലിലെ കൗണ്ടറിൽ താൻ ജോലി ചെയ്തിരുന്ന ഡ്രോയറിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് കവൻകുമാർ മനുഷ്യക്കടത്തുകാർക്ക് പ്രതിഫലം നൽകിയതെന്ന് കോടതിയിൽ സമ്മതിച്ചു. പകരമായി ഇയാൾ പെൺകുട്ടികളെയും ഇടപാടുകാരെയും ദിവസങ്ങളോളം ഹോട്ടലിൽ താമസിക്കാൻ അനുവദിക്കുകയായിരുന്നു.

പട്ടിണിയിലായിരുന്ന പെൺകുട്ടികൾക്ക് മറ്റ് വഴികളില്ലാത്തതിനാലാണ് ക്രൂരതയ്ക്ക് വഴങ്ങേണ്ടി വന്നതെന്ന് യു.എസ് അറ്റോർണി ലെസ്ലി വുഡ്സ് വ്യക്തമാക്കി. യുഎസിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന കവൻകുമാർ പട്ടേൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തൽ നേരിടേണ്ടിവരും. ഇയാൾക്കൊപ്പം സുമിത് ചൗധരി, വിശാൽ ഗോസ്വാമി എന്നീ മറ്റ് രണ്ട് ഇന്ത്യൻ വംശജരായ ഹോട്ടൽ ജീവനക്കാർക്കെതിരെയും എഡ്വേർഡോ ജോസ്, മിഷേൽ മാർട്ടിനെസ്, ആൽഫ്രെഡോ സാംബ്രാനോ എന്നീ മനുഷ്യക്കടത്തുകാർക്കെതിരെയും യുഎസ് അധികൃതർ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, INDIAN, US, CRIME, SEXUAL ASSAULT, RAPES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY