വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Wednesday 06 May 2026 12:08 AM IST

പെരുമ്പാവൂർ: രായമംഗലത്തുനിന്ന് വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്യസംസ്ഥാന തൊഴിലാളിയെ അസാമിൽനിന്ന് പൊലീസ് പിടികൂടി. അസാം മൊറിഗാൺ മൊയ്റാബറിയിൽ റെക്കിബുൽ ഹുസൈനെയാണ് (24) കുറുപ്പുംപടി പൊലീസ് പിടികൂടിയത്.

രായമംഗലം കൂട്ടുമഠംഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവൻ സ്വർണവും 15,000 രൂപയുമാണ് മോഷ്ടിച്ചത്. പൊലീസ് പ്രത്യേകടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനുശേഷം ഇയാൾ അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. അന്വേഷണസംഘം അസാമിൽ എത്തിയെങ്കിലും പിടികൂടുക ദുഷ്കരമായിരുന്നു. വേഷംമാറി താമസിച്ച് രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ ഗ്രാമത്തിലുള്ള ഇയാളുടെ വീട് വളഞ്ഞു. പ്രതി ഓടി ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് ട്രെയിനിൽക്കയറി സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന ചെയിൻ, വളകൾ, സ്റ്റഡുകൾ, കമ്മലുകൾ, ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു.

എഎസ്.പി ഹാർദ്ദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി. രാജേഷ്‌കുമാർ, സബ് ഇൻസ്പെക്ടർ ബി.എം. ചിത്തുജി, സീനിയർ സി.പി.ഒമാരായ ശ്രീജിത്ത് രവി, അരുൺ കെ. കരുൺ, സി.പി.ഒ എം.ആർ. രഞ്ജിത്ത് എന്നിവരാണ് ' അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.