SignIn
Kerala Kaumudi Online
Sunday, 17 May 2026 4.52 PM IST

യുവതി സഞ്ചരിച്ച റേഞ്ച്റോവർ തടഞ്ഞുനിർത്തി യുവാക്കളുടെ ഭീഷണി,​ ചോദിക്കാനെത്തിയ ഭർത്താവിന് ക്രൂരമർദനം

assault

ബംഗളൂരു: വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത യുവതിക്ക് നേരെ അതിക്രമം. കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും, രക്ഷിക്കാനെത്തിയ ഭർത്താവിനെ റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബംഗളൂരു നഗരത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്. ബംഗളൂരു മുൻ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ എസ്. ഹരീഷിന്റെ മരുമകൾ രചനയും ഭർത്താവ് ഭരതുമാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പങ്കുള്ള മഹേഷ്, ഗോവിന്ദരാജു എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫാമിലുള്ള ഭർത്താവ് ഭരതിന് ഭക്ഷണം നൽകിയ ശേഷം തന്റെ റേഞ്ച് റോവർ കാറിൽ മടങ്ങുകയായിരുന്നു രചന. യാത്രയ്ക്കിടയിൽ റോഡിന് കുറുകെ വാതിലുകൾ തുറന്നിട്ട നിലയിൽ ഒരു എർട്ടിഗ കാർ പാർക്ക് ചെയ്തിരിക്കുന്നത് രചനയുടെ ശ്രദ്ധയിൽപ്പെട്ടു. വഴി തടസപ്പെട്ടതോടെ ഇവർ ഹോൺ മുഴക്കി. ഇതോടെ കാറിലുണ്ടായിരുന്നവരിൽ ഒരാൾ രചനയുടെ അരികിലെത്തി വിൻഡോ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെടുകയും മൊബൈൽ ഫോണിൽ ഇവരുടെ ചിത്രങ്ങൾ പകർക്കാൻ തുടങ്ങുകയും ചെയ്തു.

ഭയന്നുപോയ രചന ഉടൻ തന്നെ ഭർത്താവ് ഭരതിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. രചന കന്നഡയിലാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികൾ, 'നീ കന്നഡിക്കാരിയാണല്ലേ, വാ നിന്നെ ഞാൻ നോക്കിക്കോളാം' എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതികൾ വാഹനം മാറ്റിയതോടെ രചന മുന്നോട്ട് പോയെങ്കിലും, 500 മീറ്റർ പിന്നിട്ടപ്പോൾ എർട്ടിഗ കാർ വീണ്ടും രചനയുടെ വാഹനത്തിന് കുറുകെ നിർത്തി വഴി തടഞ്ഞു. കാറിൽ നിന്നിറങ്ങിയ രണ്ട് പേർ രചനയുടെ വാഹനത്തിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചു. വിൻഡോ ഗ്ലാസ് താഴ്ത്തിയില്ലെങ്കിൽ അത് തല്ലിപ്പൊളിക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി.


ഈ സമയം സ്ഥലത്തെത്തിയ ഭരത്, ഭാര്യയുടെ ചിത്രങ്ങൾ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ പ്രതികൾ ഭരതിനെ റോഡിലേക്ക് തള്ളി വീഴ്ത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിനിടയിൽ പ്രതികളിൽ ഒരാൾ വലിയൊരു കല്ലെടുത്ത് ഭരതിന്റെ തലയ്ക്കടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. മിനിട്ടുകൾക്കകം രചനയുടെ ബന്ധുക്കളായ പ്രകാശും ലക്ഷ്മികാന്തും സ്ഥലത്തെത്തിയതിനാലാണ് ഭരതിനെ പ്രതികളുടെ കൈകളിൽ നിന്ന് രക്ഷപ്പെടുത്താനായത്. ദമ്പതികളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIMENEWS, BENGALURU, LATETSNEWS, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY