
ന്യൂഡൽഹി: ഓപ്പറേഷൻ റേജ്‌പില്ലിലൂടെ 182 കോടി വിലവരുന്ന ക്യാപ്റ്റഗൺ (ജിഹാദി മയക്കുമരുന്ന്) എന്ന ലഹരിമരുന്ന് പിടിച്ചെടുത്ത് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് എൻസിബിയെ അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം എക്‌സിൽ പങ്കുവച്ചത്. ക്യാപ്‌റ്റഗൺ ഗുളികകളും പൊടികളുമാണ് അന്വേഷണസംഘം കണ്ടെത്തിയത്. പശ്ചിമേഷ്യൻ വിപണി ലക്ഷ്യമിട്ട് കടത്താനിരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
'ജിഹാദി മയക്കുമരുന്ന് എന്നറിയപ്പെടുന്ന ക്യാപ്റ്റഗൺ ആദ്യമായി പിടിച്ചെടുത്ത വിവരം പങ്കുവയ്‌ക്കുന്നതിൽ സന്തോഷമുണ്ട്. മിഡിൽ ഈസ്റ്റിലേക്ക് കടത്താൻ ലക്ഷ്യമിട്ടിരുന്ന മയക്കുമരുന്ന് ശേഖരം തകർത്തു. ഒരു വിദേശപൗരനെ അറസ്റ്റ് ചെയ്‌തു. ഇതെല്ലാം ലഹരിമരുന്നുകളോട് ഇന്ത്യ പുലർത്തുന്ന 'സീറോ ടോളറൻസ്' നയത്തിന്റെ തിളക്കമാർന്ന ഉദാഹരണങ്ങളാണ്. ഞാൻ ആവർത്തിക്കുന്നു, ഇന്ത്യയിലേക്ക് അല്ലെങ്കിൽ ഇന്ത്യ വഴി കടത്താൻ ശ്രമിക്കുന്ന ഓരോ ഗ്രാം മയക്കുമരുന്നിനും എതിരെ നമ്മൾ ശക്തമായ നടപടിയെടുക്കും. എൻസിബിയിലെ ധീരരും ജാഗരൂകരുമായ പോരാളികൾക്ക് അഭിനന്ദനങ്ങൾ. ലഹരിമുക്ത ഭാരതം എന്ന മോദി സർക്കാരിന്റെ നിശ്ചയമാണ് ഇവിടെ വ്യക്തമാകുന്നത്' - അമിത് ഷാ കുറിച്ചു.
1960കളിൽ വികസിപ്പിച്ചെടുത്ത ഫെനെത്തിലൈൻ എന്ന ഉത്തേജകമരുന്നിന്റെ ഒരു നാമമാണ് ക്യാപ്‌റ്റഗൺ. അറ്റൻഷൻ ഡിസോർഡർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്‌ക്കായി അദ്യം ഉപയോഗിച്ചിരുന്നെങ്കിലും ഇതിന്റെ തീവ്രമായ ലഹരിസ്വഭാവവും ദുരുപയോഗവും കണക്കിലെടുത്ത് പിന്നീട് രാജ്യാന്തര തലത്തിൽ തന്നെ ക്യാപ്‌റ്റഗൺ നിരോധിക്കുകയായിരുന്നു.
തീവ്രവാദ ഗ്രൂപ്പുകളിലും സംഘർഷബാധിത പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ശൃംഖലകളുമായും ഇതിന്റെ കടത്തും ഉപയോഗവും നടക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ കാരണമാണ് ഇതിനെ ജിഹാദി മയക്കുമരുന്ന് എന്ന് വിളിച്ചിട്ടുള്ളത്. താരതമ്യേന കുറഞ്ഞ ഉൽപ്പാദനച്ചെലവ് കാരണം ഇതിനെ 'പാവപ്പെട്ടവന്റെ കൊക്കെയ്‌ൻ' എന്നും വിളിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |