ഓൺലൈൻ വഴി ഉത്തേജക മരുന്ന് വിൽപ്പന: യുവാവ് പിടിയിൽ
തൊടുപുഴ: ഓൺലൈൻ വഴി ഉത്തേജക മരുന്ന് വിറ്രിരുന്ന യുവാവ് പിടിയിൽ. തൊടുപുഴ സ്വദേശി സുനീഷിനെയാണ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡും ഡ്രഗ്സ് കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇന്നലെ തൊടുപുഴ നഗരത്തിലെ കൊറിയർ സ്ഥാപനത്തിൽ മരുന്ന് എടുക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. മെഫെന്റർമൈൻ എന്ന ഇൻജക്ഷന്റെ പത്ത് മില്ലിയുടെ 150 പായ്ക്കറ്റുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ലൈംഗിക ഉത്തേജനത്തിനും ജിമ്മുകളിൽ ബോഡി ബിൽഡർമാരും മറ്റും ഉപയോഗിക്കുന്നതാണിത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം വിൽക്കാവുന്ന മരുന്നാണിത്. കൊറിയർ വഴി ഇത്തരം മരുന്നുകൾ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കൊറിയർ സർവീസ് ജീവനക്കാരെ ഉപയോഗിച്ച് ഇയാളെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതി നേരത്തെ പാലായിലും തൊടുപുഴയിലും മെഡിക്കൽ ഷോപ്പ് നടത്തിയിരുന്നു. ഈ സ്ഥാപനങ്ങൾ വഴി അനധികൃതമായി ഉത്തേജക മരുന്നുകൾ വിറ്റതിന് ഡ്രഗ്സ് കൺട്രോൾ ബോർഡ് ഈ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയായിരുന്നു. ഇതിന്റെ പേരിൽ ഇയാൾക്കെതിരെ രണ്ടു കേസുകളെടുത്തിരുന്നു. സ്ഥാപനങ്ങൾ അടച്ചതിനെ തുടർന്നാണ് ഇയാൾ ഓൺലൈൻ വഴി മരുന്ന് വിറ്റിരുന്നത്. എറണാകുളത്തും മറ്റുമുള്ള വിദ്യാർത്ഥികൾക്കാണ് മരുന്ന് വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്, ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് എസ്.ഐ അരുൺ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയ്‌ക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചു. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.