താന്ന്യത്ത് വീട് കയറി ആക്രമണം: ഓട്ടോറിക്ഷയും ബൈക്കും നശിപ്പിച്ചു

Saturday 09 May 2026 12:42 AM IST

അന്തിക്കാട്: താന്ന്യം പഞ്ചായത്ത് ഒന്നാം വാർഡിൽ വീട് കയറിയുള്ള ആക്രമണത്തിൽ ഓട്ടോറിക്ഷയും ബൈക്കും നശിപ്പിച്ചു. എലുവത്തിങ്കൽ മേജോ (46) വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന കെ.എൽ 75 എ 0926 നമ്പർ ഓട്ടോറിക്ഷയാണ് സമൂഹിക ദ്രോഹികൾ നശിപ്പിച്ചത്. ഓട്ടോയുടെ റെക്‌സിനും ഡേഷ്‌ബോർഡും സീറ്റുകളും മേജോയുടെ കെ.എൽ 080048 നമ്പർ ബൈക്കും നശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. ആറു മാസം മുൻപ് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മേജോയുടെ സ്വന്തം ഓട്ടോറിക്ഷ കത്തിച്ച് നശിപ്പിച്ചിരുന്നു. ഓട്ടോയിൽ നിന്ന് തീ ആളിപ്പടർന്ന് വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ സംഭവത്തിൽ നൽകിയ പരാതിയിൽ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൂർണമായും കത്തിനശിച്ച ഓട്ടോയുടെ ബോഡി ബാഗ്ലൂരിൽ നിന്നും വരാനുള്ള കാലതാമസത്തെ തുടർന്ന് അരണാട്ടുകരയിലെ ഒരാളിൽ നിന്നും ദിവസ വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന ഓട്ടോറിക്ഷയാണ് ഇന്നലെ നശിപ്പിച്ചത്. സംഭവം സംബന്ധിച്ച് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയ്ക്കും അന്തിക്കാട് എസ്.എച്ച്.ഒയ്ക്കും പരാതി നൽകി. സംഭവം അറിഞ്ഞ് താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആന്റോ തൊറയൻ, അഡ്വ. സുനിൽ ലാലൂർ, രാമൻ നമ്പൂതിരി, പ്രമോദ് കണിമംഗത്ത്, പോൾ പുലിക്കോട്ടിൽ, റിജു കണക്കന്തറ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കാപ്ഷൻ.................. താന്ന്യത്ത് വീട് കയറിയുള്ള ആക്രമണത്തിൽ നശിച്ച ഓട്ടോറിക്ഷയും ബൈക്കും.