അവയവദാനത്തിന് വ്യാജരേഖ: മുഖ്യപ്രതി യു.പിയിൽ അറസ്റ്റിൽ

Monday 11 May 2026 12:22 AM IST

കോലഞ്ചേരി: വ്യാജരേഖകൾ ചമച്ച് അനധികൃത അവയവക്കച്ചവടത്തിനു സഹായം നൽകിയ കേസിലെ മുഖ്യപ്രതി കാസർകോട് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബിനെ (53) പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശിലെ ഖാസിയാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു.

കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്‌ക്ക് താമസിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. കേസന്വേഷണം ശക്തമായതോടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ നജീബ് വിമാന മാർഗം ഡൽഹിയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം ഡൽഹിയിലെത്തി ഇയാളെ പിന്തുടർന്നു. ഖാസിയാബാദിലേക്ക് കടന്ന നജീബിനെ ഞായറാഴ്ച പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്.

അനധികൃത അവയവദാനത്തിനായി വ്യാജ രേഖകൾ തയ്യാറാക്കുകയും ദാതാക്കളെയും സ്വീകർത്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന വൻ റാക്കറ്റിലെ പ്രധാന കണ്ണിയാണ് നജീബെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഘത്തിന് സംസ്ഥാനത്തിനു പുറത്തും പ്രവർത്തനമുണ്ടോയെന്ന് പരിശോധിച്ചു വരുന്നു.

കേസിൽ നജീബിന്റെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ അറസ്റ്റിലായിരുന്നു. വ്യാജരേഖകൾ തയ്യാറാക്കുന്നതിൽ റഷീദയ്‌ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസിൽ മറ്റ് അഞ്ചു പേരും അറസ്റ്റിലായിട്ടുണ്ട്.

എറണാകുളം റൂറൽ എസ്.പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, കുന്നത്തുനാട് ഇൻസ്‌പെക്ടർ എസ്. ശിവലാൽ, സബ് ഇൻസ്പെക്ടർ എം. അഭിജിത്ത്, എ.എസ്.ഐ യു. മുരളീധരൻ, സി.പി.ഒ ഒ.എസ്. ബിൻരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.