വീട്ടിൽ ഒളിപ്പിച്ച 21കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

Tuesday 12 May 2026 1:16 AM IST

*കുടുംബത്തിനൊപ്പം വീടുകൾ മാറിമാറി താമസിച്ച് വിതരണം

കൊച്ചി: എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്ത് വലിയതോതിൽ കഞ്ചാവ് വിതരണം നടത്തിവന്ന തമിഴ്നാട് സ്വദേശിയെ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാ‌ഡ് 21 കിലോ കഞ്ചാവുമായി അറസ്റ്റുചെയ്തു. പൊന്നുരുന്നി മാർഷലിംഗ് യാ‌‌ർഡിന് സമീപം കൊല്ലേത്തുപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശി സെൽവകുമാറാണ് (35) പിടിയിലായത്.

ആലുവ മുട്ടത്ത് വിതരണത്തിന് 2 കിലോ കഞ്ചാവുമായി എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. തുട‌‌ർന്ന് പൊന്നുരുന്നിയിലെ വാടകവീട്ടിൽ പ്രതിയുമായി നടത്തിയ പരിശോധനയിൽ രണ്ട് ചാക്കുകളിൽ നിറച്ച 19കിലോ കഞ്ചാവുകൂടി കണ്ടെടുത്തു. എക്സൈസിനും പൊലീസിനും സംശയം തട്ടാതിരിക്കാൻ ഭാര്യയും കുട്ടികളും അടുത്ത ബന്ധുക്കൾക്കുമൊപ്പം കുടുംബസമേതമാണ് താമസം. വൈറ്റില , പൊന്നുരുന്നി ഭാഗങ്ങളിൽ പലയിടത്തായി വാടകവീടുകൾ എടുത്താണ് കഞ്ചാവ് ശേഖരിക്കുന്നത്.

* ഒരുമാസം 4ലക്ഷംരൂപയുടെ കച്ചവടം

പാലക്കാട്, കോയമ്പത്തൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് എറണാകുളത്ത് കിലോക്കണക്കിന് കഞ്ചാവ് എത്തിക്കുന്നത്. ഒരുമാസം 4ലക്ഷംരൂപയുടെ വരുമാനമുണ്ട്. കോളേജ് ഹോസ്റ്റലുകൾ, ഐ.ടി മേഖല തുടങ്ങി വൻകിടടീമുകൾക്കാണ് വിതരണം. രണ്ട് കൊല്ലമായി നിരീക്ഷണത്തിൽ ആണെങ്കിലും എക്സൈസിന് ഇയാളെ കുടുക്കാൻ തെളിവുകൾ ലഭ്യമായിരുന്നില്ല. അടിക്കടി വീടുകൾ മാറുന്നതിനാൽ താമസസ്ഥലത്തെക്കുറിച്ചും വ്യക്തത കിട്ടിയില്ല. കഞ്ചാവ് കടത്തിനും വിതരണത്തിനും കുടുംബത്തെ മറയാക്കിയെന്നാണ് സൂചന. സെൽവകുമാറിന്റെ ജോലിയെക്കുറിച്ച് വീട്ടുകാർക്കുപോലും അറിവുണ്ടായിരുന്നില്ല. എറണാകുളം എക്സൈസ് സ്പെഷ്യൽസ്ക്വാഡ് ഇൻസ്പെക്ടർ ഡി.എസ്. അരുൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ.എൻ. അജയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ എൻ. സതീഷ്ബാബു, എസ്. പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാർ സുധീഷ്, സുസ്മിത, ജയൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.