എൻ.സി.ആർ.ബി റിപ്പോർട്ട്, 3,357 പേരെ കൊന്നത് നിസാര കാര്യത്തിന്
കേരളത്തിൽ കൊല്ലപ്പെട്ടത് 27 പേർ
കൊച്ചി: നിസാര തർക്കത്തിന്റെ പേരിൽ, രാജ്യത്ത് കത്തിക്കും തോക്കിനും മറ്റും ഇരയായി ജീവൻ നഷ്ടപ്പെട്ടത് 3,357 പേർക്ക്. ഒടുവിൽ പുറത്തുവന്ന (2024) നാഷണൽ ക്രൈം റെക്കാഡ്‌സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോർട്ടിലാണ് വിവരം. പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നുണ്ടായ തർക്കങ്ങളിൽ കേരളത്തിൽ 27 പേർ കൊല്ലപ്പെട്ടു. അയൽ സംസ്ഥാനമായ തമിഴ്‌നാടാണ് പട്ടികയിൽ മുന്നിൽ; 431 പേർ. മഹാരാഷ്ട്ര (354), നാഗാലാൻഡ് (337), ഗുജറാത്ത് (292), പഞ്ചാബ് (256), മദ്ധ്യപ്രദേശ് (252) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയിലാണ് കേസുകൾ കൂടുതൽ. നിസാര തർക്കങ്ങളിൽ 228 പേരാണ് ഡൽഹിയിൽ കൊല്ലപ്പെട്ടത്.
രാജ്യത്ത് കൊലപാതകങ്ങളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 2024ൽ രാജ്യത്ത് 27,049 പേർ കൊല്ലപ്പെട്ടു. 2023ൽ 27,721ഉം 2022ൽ 28,522ഉം ആയിരുന്നു. കേരളത്തിൽ 2024ൽ 338 പേർ കൊല്ലപ്പെട്ടു. 2023ൽ 352 പേരും 2022ൽ 334 പേരും സംസ്ഥാനത്ത് കൊല്ലപ്പെട്ടു.
ആറ് വയസിൽ താഴെയുള്ള 375 കുട്ടികൾ
ഉത്തർപ്രദേശിലാണ് കൂടുതൽ കൊലപാതകങ്ങൾ: 3218. ബിഹാർ (2787), മഹാരാഷ്ട്ര (2168), മദ്ധ്യപ്രദേശ് (1813), പശ്ചിമബംഗാൾ (1624), രാജസ്ഥാൻ (1607), തമിഴ്‌നാട് (1565) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. നഗരങ്ങളിലെ കൊലപാതക കേസുകളിലും കുറവുണ്ടായി. 2022ൽ 2031ഉം 2023ൽ 2004ഉം പേർ നഗരങ്ങളിൽ കൊല്ലപ്പെട്ടു. 2024ൽ ഇത് 1987 ആയി കുറഞ്ഞു. ആറ് വയസിന് താഴെയുള്ള 375 കുട്ടികൾ കൊല്ലപ്പെട്ടു. ഇതിൽ 197 ആൺകുട്ടികളും 178 പെൺകുട്ടികളുമാണ്.
കേരള പൊലീസ് മുന്നിൽ
കൊലക്കേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരള പൊലീസ് രാജ്യത്ത് മുന്നിൽ. രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 97.6 ശതമാനത്തിലും കേരളം കുറ്റപത്രം സമർപ്പിച്ചു. 80 ശതമാനത്തിന് മുകളിൽ കുറ്റപത്രം സമർപ്പിച്ചത് ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ്. മണിപ്പൂർ (46.8), മേഘാലയ (50), നാഗാലാൻഡ് (40.9) എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം കുറ്റപത്രം നൽകുന്നതിൽ പിന്നിലാണ്.
കാരണങ്ങൾ
വ്യക്തി വൈരാഗ്യം സ്ത്രീധനപ്രശ്‌നം ബലി നൽകൽ ജാതിവെറി രാഷ്ട്രീയകൊല പ്രണയനൈരാശ്യം മോഷണശ്രമം കൂട്ടയടി കുടുംബപ്രശ്‌നം വസ്തുതർക്കം പണമിടപാട്