പൊലീസുകാരനെ വാഹനമിടിപ്പിച്ച കേസ്: രണ്ട് യുവാക്കൾ അറസ്റ്റിൽ

Thursday 14 May 2026 2:32 AM IST

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടർ ഇടിപ്പിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തോന്നല്ലൂർ തുണ്ടിയിൽ മുഹമ്മദ് സാലിഹ് (20), തോന്നല്ലൂർ കാക്കക്കുഴിയിൽ ഹാഷിം (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 6ന് രാത്രി 11.20ന് കലൂർ സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുധീഷ് ബാബു ഉൾപ്പെട്ട സംഘം വാഹനപരിശോധന നടത്തുന്നതിനിടെ, മൂന്നുപേരുമായി വന്ന സ്‌കൂട്ടറിന് കൈ കാണിച്ചെങ്കിലും നിറുത്താതെ അമിതവേഗത്തിൽ സുധീഷ് ബാബുവിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിൽ സുധീഷ് ബാബുവിന്റെ രണ്ട് പല്ലുകൾ പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും നെറ്റിക്കും കാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പന്തളത്തുനിന്ന് പിടികൂടിയത്. ഇൻസ്‌പെക്ടർ അനൂപ്.എ, സബ് ഇൻസ്‌പെക്ടർ ഹരിശങ്കർ ഒ.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.