കാമുകനും സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന് 15 കാരി; 5 പേർ കസ്റ്റഡിയിൽ

Friday 22 May 2026 3:22 AM IST

ആരോപണത്തിൽ പൊലീസിന് സംശയം

കൊച്ചി: അസാമിൽ നിന്ന് പ്രണയം നടിച്ച് കേരളത്തിലെത്തിച്ച ശേഷം കാമുകൻ പീഡിപ്പിച്ചെന്നും പിന്നീട് കൂട്ടുകാർക്ക് കാഴ്ചവച്ചെന്നും 15 കാരിയുടെ വെളിപ്പെടുത്തൽ. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിങ്ക് പൊലീസിന്റെ സുരക്ഷിത കരങ്ങളിൽ എത്തിയപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്. കുട്ടിയെ സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ അടിമുടി പൊരുത്തക്കേടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

അസാം സ്വദേശിയായ കാമുകൻ ദിൽവാർ ഹൊസൈൻ (23), ഇയാളുടെ സുഹൃത്തുക്കളും അസാം സ്വദേശികളുമായ ബിലാൽ ഹൊസൈൻ (24), സുഹൈൽ ആലം (25), ഫുജൈൽ അഹമ്മദ് (29), ഫിസനുൽ ഹഖ് (26) എന്നിവരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ഫോൺകോൾ വിവരങ്ങളും മറ്റും വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടി.

ദിൽവാറിനെ സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു. ഈ മാസം 10ന് അസാമിൻ നിന്ന് കൊച്ചിയിൽ എത്തി. ദിൽവാറിനൊപ്പം കാക്കനാട് ചെമ്പുമുക്കിൽ വാടകവീട്ടിൽ താമസം തുടങ്ങി. ഇവിടെ വച്ച് കാമുകൻ ലൈംഗിക പീഡനത്തിന് ഇരയാക്കി. ശേഷം സുഹൃത്തുക്കളെ ക്ഷണിച്ചുവരുത്തി. ഇവർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. പിന്നീട് തന്നെ കലൂർ സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലേക്ക് മാറ്റി. ഈ മാസം 20 വരെ പീഡനം തുടർന്നു. 20ന് രാത്രി സംഘത്തിൽ നിന്ന് രക്ഷപ്പെട്ട്, തന്റെ ലൊക്കേഷൻ അസാമിലുള്ള സഹോദരന് വാട്സ്ആപ്പിൽ കൈമാറി. സഹോദരൻ ഉടൻ കേരള പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് സഹോദരിയെ കാണാതായിട്ടുണ്ടെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ചു. ഇങ്ങനെയാണ് പിങ്ക് പൊലീസിന്റെ അടുത്ത് എത്തിയതെന്നാണ് 15 കാരിയുടെ വെളിപ്പെടുത്തൽ.

സഹോദരനും പരസ്പര ബന്ധമില്ലാത്ത വിധമാണ് സംസാരിക്കുന്നത്. പരാതി ലഭിച്ചയുടൻ ബിലാലിനെയും സുഹൈലിനെയും പിന്നാലെ പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് ഇന്നലെ പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ദിൽവാറിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ രഹസ്യമൊഴി പരിഭാഷകന്റെ സഹായത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.