പാഴ്‌സൽ സർവീസിന്റെ മറവിൽ കടത്തിയ എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി
കൊടകര: പാഴ്‌സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന കാൽ കിലോ എം.ഡി.എം.എയും നാല് എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി. ഡ്രൈവർ ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (35) നെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൊടകര പോലീസും ചേർന്നാണ് പിടികൂടിയത്. പാഴ്‌സൽ സർവീസിന്റെ മറവിൽ ബാംഗ്ലൂരിൽനിന്ന് എറണാകുളത്തേക്ക് ഐഷർ ലോറിയിൽ കടത്തുകയായിരുന്ന സാമഗ്രികൾ രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ കൊടകര പേരാമ്പ്ര ഫ്‌ളൈഓവറിന് സമീപം പുലർച്ചെ 2.45ഓടെ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഐഷർ ലോറിയിലെ കാർഗോ ബോക്‌സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ കാർഗോ പാഴ്‌സൽ കമ്പനിയിലെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഫാസിൽ. ബാംഗ്ലൂരിൽനിന്ന് പാഴ്‌സലുകൾക്കൊപ്പം ലഹരിമരുന്നും ലോറിയിൽ കയറ്റി, എറണാകുളം കേന്ദ്രീകരിച്ച് വൻകിട ഇടപാടുകാർക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. കാപ്ഷൻ........... മുഹമ്മദ് ഫാസിൽ