ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

Saturday 23 May 2026 2:08 AM IST

തൃശൂർ: യുവാവിനെ ഭീഷണിപ്പെടുത്തി ബുള്ളറ്റ് ബൈക്ക് തട്ടിയെടുത്തയാൾ പിടിയിൽ. വടക്കഞ്ചേരി പുളിങ്കൂട്ടം സ്വദേശി ദിലീപിനെ (27) ആണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം നിന്നും പരിചയപ്പെട്ട യുവാവിന്റെ ബൈക്കാണ് പ്രതി തട്ടിയെടുത്തത്. പെട്രോൾ അടിച്ചുതരാമെന്നും കറങ്ങാമെന്നും പറഞ്ഞ് സൗഹൃദം കൂടി ബൈക്കുടമയെ വരുതിയിലാക്കിയ ശേഷം മണ്ണുത്തി കാർഷിക സർവകലാശാലയ്ക്ക് അടുത്തെത്തിയപ്പോൾ ഭീഷണിപ്പെടുത്തി ബൈക്ക് കൈക്കലാക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച പരാതി കിട്ടിയശേഷം എ.സി.പി: ശശിധരന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കിരൺ സി. നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെയാണ് പ്രതി ദിലീപ് പിടിയിലായത്. ഇയാൾക്കെതിരെ ആറോളം കഞ്ചാവ്, മോഷണക്കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കാപ്ഷൻ............ പ്രതി ദിലീപ്.