മഡിവാള പീഡനം: പ്രതി ഹൈനസ് പിടിയിൽ

Sunday 24 May 2026 12:14 AM IST

മഡിവാള എസ്‌.ഐക്കെതിരെ നടപടി

കൽപ്പറ്റ: ബംഗളൂരുവിലെ മഡിവാളയിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ഹൈനസിനെ കഴിഞ്ഞദിവസമാണ് കർണാടക പൊലീസ് അറസ്റ്റുചെയ്തത്. നൂൽപ്പുഴ കുടുക്കിയിലെ ബന്ധുവീട്ടിൽനിന്ന് പിടികൂടിയെന്നാണ് വിവരം. ട്രാൻസിറ്റ് വാറന്റിൽ ബംഗളൂരുവിലെത്തിച്ച ഹൈനസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 12നാണ് സുഹൃത്തുക്കളുടെ താമസസ്ഥലത്ത് 20കാരി പീഡനത്തിനിരയായത്. കൊയിലാണ്ടി സ്വദേശികളുടെ ചായക്കടയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു വിദ്യാർത്ഥിനി. നഷ്ടത്തിലായ കട വിൽക്കാൻ തീരുമാനിച്ച ഉടമകളെ സഹായിക്കാനാണ് ഹൈനസ് മഡിവാളയിലെത്തിയത്. യുവതിയുടെ സുഹൃത്തുക്കളെ തന്ത്രപൂർവം മാറ്റിയ ശേഷം ഹൈനസ് ഇവർ താമസിച്ചിരുന്ന മുറിയിൽ അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയുമായിരുന്നു.

അടുത്തദിവസം യുവതി പരാതി നൽകിയെങ്കിലും കേസെടുക്കാൻ മഡിവാള പൊലീസ് തയാറായില്ല. പരാതി രേഖപ്പെടുത്താൻ വിസമ്മതിച്ച മഡിവാള എസ്‌.ഐ അരുൺ കുമാറിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പിക്ക് പരാതി നൽകിയശേഷമാണ് കേസെടുത്തതെന്നും അന്വേഷണം ആരംഭിച്ചതെന്നും യുവതി പറയുന്നു. മഡിവാള പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടു. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും മെഡിക്കൽ പരശോധന നടത്തിയില്ല. ഇപ്പോഴും ഭീഷണിയുണ്ടെന്നും യുവതിയും സുഹൃത്തുക്കളും പറഞ്ഞു. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിൽ ഡി.സി.പിയെ വിളിച്ചുവരുത്തി ബംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ വിശദീകരണം തേടിയിരുന്നു. പുതിയ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. ആടുഗോഡി എ.സി.പിക്കാണ് നിലവിൽ അന്വേഷണച്ചുമതല. കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് ഹൈനസ് കേരളത്തിലേക്ക് കടന്നത്. പൊലീസ് സുൽത്താൻ ബത്തേരിയിലെത്തി തന്ത്രപൂർവം പ്രതിയെ കുടുക്കുകയായിരുന്നു.