ക്രിപ്റ്റോകറൻസി തട്ടിപ്പ്: ലിബർട്ടാസ് ഉടമ സ്റ്റാൻലി വിദേശകമ്പനികളുടെ ബിനാമി

Thursday 28 May 2026 1:49 AM IST

കൊച്ചി: ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത ലിബർട്ടാസ് ബ്ലോക്ക്‌ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ സ്റ്റാൻലി സൈമണിന്‌ വിദേശ കമ്പനികളുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം. മണിചെയിൻ മാതൃകയിൽ നടത്തിയ തട്ടിപ്പിൽ നിന്ന് കിട്ടുന്ന കോടിക്കണക്കിന് രൂപ വിദേശകമ്പനികളിലേക്ക് വകമാറ്റിയെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് പാലക്കാട് നിന്ന് അറസ്റ്റിലായ സ്റ്റാൻലിയുടെ ഭാര്യ സീനത്ത് സ്റ്റാൻലിയെ (46) ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്റ്റാൻലിയുൾപ്പെടെ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.

വിദേശ കമ്പനികളുടെ ഔട്ട്സോഴ്സ് എന്ന നിലയിലാണ് ലിബർട്ടാസ് പ്രവർത്തിച്ചതെന്നാണ് സംശയിക്കുന്നത്. ലൈബീരിയ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ സ്റ്റാൻലി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് കേരളത്തിൽ തിരിച്ചെത്തി ലിബർട്ടാസ് തുടങ്ങിയത്. വിദേശികൾ ഉൾപ്പെടെയാണ് കമ്പനിയെ നിയന്ത്രിക്കുന്നത്. സ്റ്റാൻലിയും ഭാര്യ സീനത്തും ചേർന്ന് പാലക്കാട് കേന്ദ്രമായി ‘പർസ്യൂട്ട് ഗുരു’ എന്ന പേരിൽ മറ്റൊരു സ്ഥാപനവും തുടങ്ങിയിരുന്നു. ഈ സ്ഥാപനം ചുരുങ്ങിയ കാലയളവിൽ 30 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ഇടപാടാണ് നടത്തിയത്. ലിബർട്ടാസ്, പർസ്യൂട്ട് ഗുരു കമ്പനികളുടെ മറവിൽ

വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറേണ്ടിവരുമെന്നും സൂചനയുണ്ട്.

56 ലക്ഷം രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി വിശ്വനാഥ് നൽകിയ പരാതിയിലാണ് നടപടി. സ്റ്റാൻലിയുടെ മകൾ പ്രതിയാണെങ്കിലും സാമ്പത്തിക ഇടപാട് നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന പരിഗണനയിലാണ് അറസ്റ്റ് ഒഴിവായത്. മറ്റൊരു പ്രതിയായ ലിബർട്ടാസ് അസോഷ്യേറ്റ് പ്രശാന്ത് ഒളിവിലാണ്. ഇയാളുടെ കോട്ടയത്തെ വീട്ടിൽ കൊച്ചി സിറ്റി പൊലീസിന്റെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. പ്രതികളായ ജുഡിറ്റ്, വന്ദോ തിമോത്തി എന്നിവർക്കായും തെരച്ചിൽ തുടരുന്നു. ബാനിംഗ് ഒഫ് അൺറെഗുലേറ്റ‌ഡ് ഡിപ്പോസിറ്റ് സ്കീം ആക്ട് കൂടി ചുമത്തിയതിനാൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എറണാകുളം നോർത്ത് എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.