പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ കീഴടങ്ങി
പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലറായിരുന്ന പ്രശോഭ് സി.വത്സൻ പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പാലക്കാട് സൗത്ത് പൊലീസിൽ പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രശോഭ്. മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.ബദറുദ്ദീന്റെ ബെഞ്ചാണ് വിശദമായ വാദം കേട്ട ശേഷം മുൻകൂർ ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. യുവതി മുമ്പ് ഉന്നയിക്കാതിരുന്ന പല കാര്യങ്ങളും പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തതാണെന്നും, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രശോഭ് സി. വത്സൻ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെല്ലാം പൂർണമായും തള്ളിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. ബലാത്സംഗം, എസ്.സി എസ്.ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുത്തതിനു പിന്നാലെ പ്രശോഭ് ഒളിവിൽ പോയി. ജോലിവാഗ്ദാനം നൽകി പരിചയപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അതിജീവിത മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള തന്റെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് കൗൺസിലർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചിരുന്നു സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം പ്രശോഭിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.