അന്യസംസ്ഥാനക്കാരെ ആക്രമിച്ച് കവർച്ച: ആറ് മലയാളികൾ പിടിയിൽ

Saturday 30 May 2026 5:24 PM IST

എറണാകുളം: അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചശേഷം കവർച്ച നടത്തിയ കേസിൽ ആറുപേരെ ആലുവ പൊലീസ് അറസ്റ്റുചെയ്തു. എരുമത്തല ആലിങ്കൽ അനസ് (28), പെരുമ്പാവൂർ കാഞ്ഞിരക്കാട് റയോൺപുരം പുന്നക്കൽ നൂഹ് (26), കരുനാഗപ്പള്ളി തൊടിയൂർ ഏണിക്കാട്ട് വീട്ടിൽ വിനോദ്കുമാർ (35), കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി ഹസൻ ( 25), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മൂസാരി മോലേത്ത് ഹിത്ബുള്ള ഷിയാസ് (21), പേഴക്കാപ്പിള്ളി കണ്ണേമ്പിള്ളിവീട്ടിൽ ആഷിക് അലിയാർ (21) എന്നിവരാണ് പിടിയിലായത്.

തോട്ടുമുഖം ശിവഗിരി സ്കൂളിന് സമീപത്തെ വാടകവീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെരുമ്പാവൂർ ഭാഗത്ത് ലഹരി വിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളി ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് പറഞ്ഞാണ് നാട്ടുകാർ എന്ന വ്യാജേന പ്രതികൾ അതിക്രമിച്ചു കയറിയത്. ഇവർ ലക്ഷ്യംവച്ചുവന്ന അസാം സ്വദേശി മാസങ്ങൾക്കുമുമ്പ് ഇവിടുന്ന് പോയിരുന്നു. ലഹരിവസ്തുക്കൾ ഉണ്ടെങ്കിൽ അതെടുത്ത് വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

വീട്ടിൽ ഉണ്ടായിരുന്നവരെ ആക്രമിക്കുകയും മൊബൈൽഫോണുകൾ കവരുകയും ചെയ്തു. ഒരാളുടെ പോക്കറ്റിൽനിന്ന് പണവും തട്ടിയെടുത്തു. ഇവർ കവർന്ന മൊബൈൽഫോണുകൾ പെരുമ്പാവൂരിലെ കടകളിൽ വിറ്റതായി പൊലീസിനോട് സമ്മതിച്ചു.

ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, എസ്.ഐമാരായ ജോസി എം. ജോൺസൺ, കെ.കെ. സജീഷ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്ക്, അരവിന്ദ് വിജയൻ, എം. ഷാഹിൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.