മുൻ മന്ത്രി റോഷിക്കെതിരായ പരാതി: വിജിലൻസ് പരാതിക്കാരന്റെ മൊഴിയെടുത്തു

Sunday 31 May 2026 12:00 AM IST

തൊടുപുഴ: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരായ പരാതിയിൽ തുടർനടപടികൾ വേഗത്തിലാക്കി വിജിലൻസ്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പരാതിക്കാരനായ മുട്ടം സ്വദേശി തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനിയുടെ മൊഴിയെടുത്തു. മുട്ടം വിജിലൻസ് ഡിവൈ.എസ്.പി ഓഫീസിൽ ഉച്ചയ്ക്ക് രണ്ടിനായിരുന്നു മൊഴിയെടുപ്പ്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഇടുക്കി വിജിലൻസ് യൂണിറ്റ് മൊഴിയെടുത്ത് വിശദ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുട്ടം വിജിലൻസ് ഡിവൈ.എസ്.പി നേരിട്ട് പരാതിക്കാരന്റെ മൊഴിയെടുത്തത്.

പരാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒരു മണിക്കൂറോളം ചോദിച്ച അന്വേഷണസംഘത്തോട് വിവരാവകാശനിയമപ്രകാരം നൽകിയിരിക്കുന്ന ചില അപേക്ഷകളുടെ മറുപടി ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ രേഖകൾ ഹാജരാക്കാമെന്ന് ബേബി ജോസഫ് അറിയിച്ചിട്ടുണ്ട്. മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്.എസ്.ഐ.ടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകിയതിൽ 112 കോടിയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. ക്രമക്കേടിൽ മന്ത്രിക്ക് നേരിട്ട് പങ്കുള്ളതായാണ് പരാതി. ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. മലങ്കര ഡാം കേന്ദ്രീകരിച്ച് മലമ്പുഴ മോഡലിൽ വിനോദസഞ്ചാരം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് മലങ്കര ടൂറിസം പദ്ധതി.

ബോട്ടിംഗ്, പാർക്കുകൾ, കോട്ടേജുകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയിൽ നിന്ന് സർക്കാരിന് തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയതെന്ന് ആരോപണം ഉണ്ടായിരുന്നു. 30 വർഷത്തേക്കാണ് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയത്. ലാഭത്തിന്റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടക്കരാർ. ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജൻസിക്ക് ലഭിക്കുന്ന രീതിയിലാണ് നിലവിലെ കരാറെന്നും പരാതിയിൽ പറയുന്നു.