പോക്സോ കേസിൽ 72 വർഷം തടവ്
Sunday 31 May 2026 1:34 AM IST
കൊച്ചി: ബാലികയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കനെ 72 വർഷം കഠിനതടവിനും 1.90 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55) പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2025 ജനുവരി 17നായിരുന്നു സംഭവം. കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറലുള്ള കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. അതിഥി തൊഴിലാളിയുടെ 5 വയസുള്ള മകളെയാണ് പീഡനത്തിന് ഇരയാക്കിയത്. 5 വകുപ്പുകളിലാണ് ശിക്ഷ. തടവ് കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു.