കൊല്ലത്തെത്തിയത് സീരിയൽ കില്ലറോ? വയോധികന്റെ കൊലപാതകത്തിൽ വഴിത്തിരിവ്
കൊല്ലം: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തമിഴ്‌നാട് തക്കല സ്വദേശി വിജുവാണ് പിടിയിലായത്. തമിഴ്‌നാട് വാൽപാറയിൽ നിന്നാണ് കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
മേയ് 24ന് അർദ്ധരാത്രിയാണ് കൊലപാതകം നടക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന രാജേന്ദ്രൻ എന്ന വയോധികനെയാണ് പ്രതി കൊലപ്പെടുത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. വിജു ഒരു സീരിയൽ കില്ലർ ആണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഏപ്രിൽ 19 ന് പാരിപ്പള്ളിയിൽ നടന്ന കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.
രണ്ടുകേസുകളിലും കൊല്ലപ്പെട്ടവർ കടത്തിണ്ണകളിൽ ഉറങ്ങുന്ന അനാഥരായ വയോധികരായിരുന്നു. ഇവരെ കൊലപ്പെടുത്തിയ രീതിയും സമാനമാണ്. നിലവിൽ രണ്ടാമത്തെ കൊലപാതകക്കേസിലാണ് വിജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.