നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം കൊലപാതകം, അമ്മയും പങ്കാളിയും കസ്റ്റഡിയിൽ
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരിന്റെ മരണം കൊലപാതകം, കുട്ടിയുടെ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദ്ദിക്കാറുണ്ടായിരുന്നു മർദ്ദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിന് ഇടയാക്കിയത്. കുട്ടി ക്രൂര മർദ്ദനത്തിന് ഇരയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെയാണ് നെടുമങ്ങാട് കരിക്കുഴി സ്വദേശി അഖിലയുടെ മകൻ അർഷിദ് മരിച്ചത്. ആഹാരം കൊടുക്കുന്നതിനിടെ ഛർദ്ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. മാതാവ് അഖില തമിഴ്‌നാട്ടിൽ നൃത്ത പരിപാടിക്ക് പോയിരുന്നു. രണ്ട് ദിവസമായി കുട്ടിയ്ക്ക് പനി ആയതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ഇരുകൈകളിലും പ്ളാസ്റ്റർ ഇട്ടിരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് കളിക്കുന്നതിനിടെ വീണ് പരിക്കുപറ്റിയതാണെന്നാണ് അഷ്‌കറും അഖിലയും പറഞ്ഞത്.അതേസമയം, കുട്ടിയെ അഷ്‌കർ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് അഷ്‌കർ പൊലീസിനോടും ആശുപത്രി അധികൃതരോടും പറഞ്ഞത്. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു.