ശുചിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; തിരുവനന്തപുരത്ത് പ്രിന്റിംഗ് പ്രസ് ഉടമ പിടിയിൽ
തിരുവനന്തപുരം: പ്രിന്റിംഗ് സ്ഥാപനത്തിന്റെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ശ്രീകാര്യം ചെക്കാലമുക്ക് സിന്ധു ഭിവനിൽ രാഹുൽ പി അശോക് (38) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.
രാഹുലിന്റെ ഉടമസ്ഥതയിലുള്ള ചെക്കാലമുക്കിലെ പ്രിന്റിംഗ് സ്ഥാപനത്തിലായിരുന്നു സംഭവം. ഇവിടുത്തെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കുമായി ഘടിപ്പിച്ച നിലയിൽ ഒളിക്യാമറ ഓൺ ചെയ്‌ത് വച്ചാണ് രാഹുൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. എന്നാൽ, ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനി, വേസ്റ്റ് ബിന്നിലിരിക്കുന്ന ക്യാമറ കണ്ടു. ഉടൻതന്നെ യുവതി ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു.
മാർച്ചിൽ നടന്ന സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചുവരികയായിരുന്നു. കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെത്തുടർന്നാണ് ശ്രീകാര്യം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.