മോഡലിംഗിന്റെ മറവിൽ പീഡനം; മുഖ്യപ്രതി സിന്ധു റിമാൻഡിൽ
കൊച്ചി: മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ സെക്‌സ് റാക്കറ്റിനുമുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിനെ റിമാൻഡ്. 14 ദിവസത്തേക്കാണ് റിമാൻഡ്. നേരത്തെ പിടികൂടിയ അലീന അടക്കമുള്ള മറ്റ് രണ്ട് പ്രതികളെയും റിമാൻഡ് ചെയ്‌തു. എറണാകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നാംപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോളയിൽ വെളുത്ത പൊടി കലർത്തി ബലമായി കുടിപ്പിച്ചു, കൂട്ടബലാത്സംഗത്തിന്റെ ചിത്രങ്ങൾ പകർത്തി പരാതിക്കാരിയുടെ ഭർത്താവിന് അയച്ചുകൊടുത്തു, പരാതിക്കാരിയെ ചൂരൽകൊണ്ടടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിന്ധുവിനെതിരെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇവർ മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ രണ്ടാമത്തെയും അഞ്ചാമത്തെയും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവർക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽപേർ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പൊലീസ് കരുതുന്നത്. മറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.