യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു; കോഴിക്കോട്ട് 65കാരൻ അറസ്റ്റിൽ

Friday 22 May 2026 4:46 PM IST

കോഴിക്കോട്: യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൃദ്ധൻ അറസ്റ്റിൽ. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശി കുന്നത്ത്‌താഴം കരുവീട്ടിൽ അസീസിനെയാണ് (65) കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്.

2025 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒളവണ്ണ സ്വദേശിയായ യുവാവിനെ അസീസ് ബലമായി പിടിച്ചുകൊണ്ടുപോയി കിണാശേരി മുജാഹിദ് മസ്‌ജിദിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ജൂൺ വരെ ഇയാൾ ഇത്തരത്തിൽ പല സമയങ്ങളിലായി യുവാവിനെ അന്യായമായി തടവിൽ പാർപ്പിക്കുകയും ലൈംഗിക പീഡനം തുടരുകയും ചെയ്‌തു.

കസബ സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അസീസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്‌തു.