SignIn
Kerala Kaumudi Online
Thursday, 21 May 2026 2.19 AM IST

അക്രമി ഇടിച്ചു തകർത്തത് പൊലീസുകാരന്റെ മൂക്ക്

crime

കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കിന്റെ പാലം അന്യസംസ്ഥാന തൊഴിലാളി ഇടിച്ചുതകർത്തു. എറണാകുളം റെയിൽവേ പൊലീസിലെ എ.എസ്.ഐ സുനിൽ രാജനാണ് (50) മർദ്ദനമേറ്റത്. നോർത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതായിരുന്നു പ്രകോപന കാരണം. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടിയ സുനിൽ വീട്ടിൽ വിശ്രമത്തിലാണ്. ചൊവ്വാഴ്ച അർദ്ധരാത്രി 12.30ഓടെയായിരുന്നു സംഭവം. പ്രതി പശ്ചിമ ബംഗാൾ സ്വദേശി ഉത്തംസിംഗിനെ (23) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്താറുള്ള പ്രതി, ലൈംഗിക ചുവയോടെ സ്ത്രീകളെ അധിക്ഷേപിക്കുന്നത് പതിവാണ്. സംഭവദിവസം രാത്രി പ്ലാറ്റ്‌ഫോമിൽ എത്തിയ ഉത്തംസിംഗ് പതിവുപോലെ സ്ത്രീകളെ ശല്യം ചെയ്യാൻ തുടങ്ങി. യാത്രക്കാർ പരാതിപ്പെട്ടതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽ രാജ് ഇയാളെ ചോദ്യംചെയ്ത് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കാൻ ശ്രമിച്ചു. ഇതോടെ സുനിലിനെ ഉത്തംസിംഗ് കൈയേറ്റം ചെയ്യുകയായിരുന്നു.

വിവരം അറിയിച്ചതിനെത്തുടർന്ന് നോർത്ത് എസ്.എച്ച്.ഒയും സംഘവും റെയിൽവേ സ്റ്റേഷനിലെത്തി പ്രതിയെ ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തെത്തിയ ഉത്തംസിംഗ് ലോഡ്ജുകളിലും മറ്റുമായിരുന്നു കഴിഞ്ഞിരുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണെന്നാണ് മൊഴിയെങ്കിലും ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലീസുകാർക്കെതിരായ

ആക്രമണം പതിവാകുന്നു

കഴിഞ്ഞ അഞ്ചുമാസത്തിനിടെ അഞ്ചിലധികം സംഭവങ്ങളിലായി നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.

 ഏപ്രിൽ 26:

അസ്വാഭാവിക സാഹചര്യത്തിൽ കണ്ടത് ചോദ്യംചെയ്ത എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്.ഐ ജി. എഡ്വേർഡ് ഗ്ലാഡ്വിൻ, സി.പി.ഒ ആർ. മണികണ്ഠൻ എന്നിവർക്ക് രണ്ടുപേരുടെ മർദ്ദനമേറ്റു. ഇരുവരുടെയും കൈകൾക്ക് മുറിവേറ്റു.

 മാർച്ച് 16:

സ്ത്രീയെ കടന്നുപിടിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ പ്രതി കടിച്ചുപരിക്കേൽപ്പിച്ചു. എറണാകുളം ഉദയാകോളനി സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പ്രതീഷിനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം.

ഫെബ്രുവരി 25:

വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമമുണ്ടായി. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ എൻ.പി. സന്തോഷ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

 ജനുവരി 12: ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച യുവാവ്, രക്ഷപ്പെടുത്താൻ എത്തിയ ചേരാനെല്ലൂർ സ്റ്റേഷനിലെ പൊലീസുകാരെ മർദ്ദിച്ച് അവശരാക്കി.

 ജനുവരി 1: ചെല്ലാനത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കണ്ണമാലി സ്റ്റേഷനിലെ സി.പി.ഒ ബിജുമോന് ഗുരുതര പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY