ക്രിമിനൽ കേസ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങി, ഗ്രേഡ് എസ് ഐയ്ക്ക് അഞ്ച് വർഷം തടവും പിഴയും വിധിച്ച് വിജിലൻസ് കോടതി
കൊച്ചി: കൈക്കൂലിക്കേസിൽ എസ്ഐയെ അഞ്ച് വർഷം തടവിനും പിഴയ്ക്കും വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ചുമതലയുണ്ടായിരുന്ന മുഹമ്മദ് അഷ്റഫിനെതിരെയാണ് കോടതി വിധി. ക്രിമിനൽ കേസ് പ്രതിയെ സഹായിക്കാനായാണ് പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി കൈപ്പറ്റിയത്. 2016-ലാണ് കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ മുഹമ്മദ് അഷ്റഫ് പിടിയിലായത്.
അതേസമയം മറ്റൊരു കെെക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും മൂവാറ്റുപുഴ വിജിലൻസ് കോടതി തടവുശിക്ഷ വിധിച്ചിരുന്നു. ചതുരംഗപ്പാറ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരൻ നായർക്കാണ് അഞ്ചുവർഷം തടവും 65,000 രൂപ പിഴയും വിധിച്ചത്. 2009 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വസ്‌തു സംബന്ധമായ രേഖകൾ ശരിയാക്കുന്നതിന് മുഹമ്മദ് ഷാബിൻ എന്നയാളിൽ നിന്നും കെെക്കൂലി വാങ്ങുന്നതിനിടെയാണ് പ്രഭാകരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അപ്പീൽ സമർപ്പിക്കാനായി രണ്ട് ഉദ്യോഗസ്ഥർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
അഴിമതിക്കേസുകളിൽ വിജിലൻസ് ഇടപെടൽ ശക്തമായതിന് പിന്നാലെ സമീപകാലത്ത് നിരവധി സർക്കാർ ഉദ്യോഗസ്ഥർ പിടിയിലായിരുന്നു. വിജിലൻസ് കേസുകളുടെ അന്വേഷണത്തിനുള്ള സമയപരിധി ഒരുവർഷമായി നിജപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. ട്രാപ്പ് കേസുകൾ ആറ് മാസത്തിലും അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള മറ്റ് കേസുകൾ ഒരു വർഷത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിന് മൂന്ന് മാസവും, മിന്നൽ പരിശോധനയ്ക്കും രഹസ്യാന്വേഷണത്തിനും ഒരു മാസവുമാണ് നിശ്ചയിച്ചിരിക്കുന്നത്. കോടതി സമയപരിധി നിർദേശിക്കുന്ന കേസുകൾ ആ കാലയളവിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയും വേണം. വിജിലൻസ് ഡയറക്ടറുടെ ശുപാർശപ്രകാരമാണ് നടപടി.