ബിനീഷ് കോടിയേരിയുടെ സി.പി.എം അംഗത്വം; 'വെൽക്കം ബാക്ക് കോമ്രേഡ്' എന്ന് വിനായകൻ

Friday 29 May 2026 6:30 PM IST

നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകിയ നടപടി ചർച്ചയാകുന്നു. ഇതിന് പിന്നാലെ ബിനീഷിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടൻ വിനായകൻ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പശ്ചാത്തലമാക്കിയുള്ള ബിനീഷിന്റെ ഫോട്ടോയ്‌ക്കൊപ്പം 'വെൽക്കം ബാക്ക് കോമ്രേഡ്' എന്ന അടിക്കുറിപ്പോടെയാണ് വിനായകൻ പോസ്റ്റ് പങ്കിട്ടത്.

ലഹരിക്കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ തുടർന്നാണ് ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം സിപിഎം റദ്ദാക്കിയിരുന്നത്. 2023ലെ കേസിൽ നിന്ന് കോടതി ബിനീഷിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുശേഷം പാർട്ടി അംഗത്വം തിരികെ ലഭിക്കാൻ ബിനീഷ് നാല് തവണ അപേക്ഷ നൽകിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത നിലപാടിനെ തുടർന്ന് അംഗത്വം പുതുക്കി നൽകാൻ പാർട്ടി തയ്യാറായിരുന്നില്ല. എന്നാൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് നിലവിൽ ബിനീഷിന് പാർട്ടി അംഗത്വം പുതുക്കി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.