അന്നകിളിയുടെ 50 -ാം വർഷത്തിൽ ഇളയരാജ
Saturday 30 May 2026 6:32 AM IST
കാർത്തിക് സുബ്ബരാജ്, മാരി സെൽവരാജ് ചിത്രങ്ങൾക്ക് ഈണം
തമിഴകത്തിന്റെ യുവ സംവിധായകരായ കാർത്തിക് സുബ്ബരാജ് , മാരി സെൽവരാജ് എന്നിവരുടെ ചിത്രങ്ങൾക്ക് ഇളയരാജ ഈണം പകരും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പത്താമത്തെ ചിത്രത്തിനാണ് ഇളയരാജ സംഗീതമൊരുക്കുന്നത്. ഇന്ത്യൻ സിനിമാ സംഗീതത്തിലെ , ഇതിഹാസമായ ഇളയരാജ സംഗീത സംവിധാനം നിർവഹിക്കുന്ന 1540-ാമത്തെ ചിത്രമാണിത്.തന്റെ ആദ്യ ചിത്രമായ ‘അന്നക്കിളി’യുടെ 50-ാം വാർഷികത്തിൽ പുതു തലമുറയിലെ സംവിധായകരുമായി കൈ കോർക്കുന്നു എന്നത് ശ്രദ്ധേയം.
ഓസ്കർ ജേതാവായ നിർമ്മാതാവ് ഗുനീത് മോംഗ കപൂർ നയിക്കുന്ന സിഖ്യ എന്റർടെയ്ൻമെന്റാണ് കാർത്തിക് സുബ്ബരാജ് ചിത്രം നിർമ്മിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രത്യേക വീഡിയോയിലൂടെയാണ് ഈ ചിത്രത്തിന് സംഗീതം ഇളയരാജയായിരിക്കുമെന്ന് കാർത്തിക് പ്രഖ്യാപിച്ചത്. പിസ മുതൽ റെട്രോ വരെ കാർത്തിക്കിന്റെ സിനിമകളുടെ ടൈറ്റിലുകൾ ഉൾപ്പെടുത്തി ഒരുക്കിയ വീഡിയോയിൽ, ഇളയരാജയുടെ നിരവധി എവർഗ്രീൻ ഗാനങ്ങൾ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നു.അതേസമയം ഇതാദ്യമായാണ് മാരി സെൽവരാജ് ചിത്രത്തിന് ഇളയരാജ സംഗീതം ഒരുക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രം വൈകുന്നതിനാൽ കതിർ നായകനാകുന്ന ചിത്രം ഒരുക്കാൻ പോകുകയാണ് മാരി സെൽവരാജ്. ഈ ചിത്രത്തിനാണ് ഇളയരാജയുടെ ഈണം.