200 കോടി ക്ളബ് കയറി ദൃശ്യം 3
Saturday 30 May 2026 6:42 AM IST
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച മോഹൻലാൽ ചിത്രം ദൃശ്യം 3 ആഗോള ബോക്സോഫീസിൽ 200 കോടി ക്ലബിൽ ഇടം നേടി.ദൃശ്യം 3 ഏഴു ദിവസം കൊണ്ടാണ് 200 കോടി ക്ളബിൽ പ്രവേശിച്ചത്.എമ്പുരാൻ, തുടരും എന്നീചിത്രങ്ങൾക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം ആണ് ദൃശ്യം 3. മൂന്നു സിനിമകൾ. മൂന്നു അദ്ധ്യായങ്ങൾ. അഭേദ്യമായ ഒരു ബന്ധം. ജോർജ്കുട്ടിക്കും കുടുംബത്തിനും ഒപ്പം ഉണ്ടായിരുന്നതിന് നന്ദി എന്ന് 200 കോടി കളക്ഷൻ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ കുറിച്ചു.
ആരാധകലോകം ആവേശത്തോടെ ഉറ്റുനോക്കിയ മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 മേയ് 21ന് ആണ് റിലീസ് ചെയ്തത്. മോഹൻലാലിന്റെ ജന്മദിനത്തിൽ ദൃശ്യം 3 റിലീസ് ചെയ്ത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാലുവർഷത്തിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നത്.
ചിത്രീകരണം പൂർത്തിയാകും മുൻപ് 350 കോടി ക്ളബിൽദൃശ്യം 3 ഇടംപിടിച്ചിരുന്നതാണ് .ദൃശ്യം 3യുടെ ലോകമെമ്പാടും ഉള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.
മീന, എസ്തർ അനിൽ, അൻസിബ ഹസൻ , മുരളി ഗോപി,സിദ്ധിഖ്, ആശ ശരത്, ശാന്തി മായാദേവി, വീണ നന്ദകുമാർ, ശിവ ഹരിഹരൻ എന്നിവരാണ് മറ്റു താരങ്ങൾ.