നിസാം ബഷീർ ചിത്രത്തിൽ ചാക്കോച്ചൻ

Wednesday 03 June 2026 6:19 AM IST

ചാക്കോച്ചൻ- മാർട്ടിൻ പ്രക്കാട്ട് ചിത്രം വയനാട്ടിൽ പുരോഗമിക്കുന്നു

പൃഥ്വിരാജ് നായകനായ ഐ നോബഡിക്കുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. ഇതാദ്യമായി കുഞ്ചാക്കോ ബോബനും നിസാം ബഷീറും ഒരുമിക്കുന്ന ചിത്രം ഡോ. അനന്തു എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ ഡോ. എസ്. അനന്തു ആണ് നിർമ്മാണം. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. കെട്ട്യോളാ ണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ആണ് ഐ നോബഡി.

അതേസമയം കുഞ്ചാക്കോ ബോബൻ നായകനായി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ പുരോഗമിക്കുന്നു. സുരാജ് വെഞ്ഞാറമൂട്,​ ഹക്കിം ഷാ,​ വിനയ് ഫോർട്ട്,​ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട് ആണ് നിർമ്മാണം.

മാർട്ടിൻ പ്രക്കാട്ടും നീരജും ചേർന്ന് രചന നിർവഹിക്കുന്നു. കണ്ണൂർ സ്ക്വാഡ്,ചത്താ പച്ച, റോക്കറ്റ്‌റി ദ നമ്പി എഫക്ട് എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി വിഷ്ണു രവികുമാർ പ്രവർത്തിച്ചിട്ടുണ്ട്. റോബി രാജ് ആണ് ഛായാഗ്രഹണം. കുഞ്ചാക്കോ ബോബൻ നായകനായ ബ്ളോക് ബസ്റ്റർ ചിത്രം ഒാഫീസർ ഒാൺ ഡ്യൂട്ടിയുടെ ക്യാമറ ചലിപ്പിച്ചതും റോബി ആണ്. കിരൺ ദാസ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ഉന്മാദം ആണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. ആഗസ്റ്റ് 7ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ലിജോമോൾ ജോസ് ആണ് നായിക. . സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഷാഹി കബീർ രചന നിർവഹിക്കുന്നു.