
തനിക്ക് ഇപ്പോഴും സ്‌മാർട്‌ഫോൺ നന്നായി ഉപയോഗിക്കാൻ അറിയില്ലെന്ന് നടൻ ഇന്ദ്രൻസ്. ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം കറുപ്പിൽ സൂര്യയോടൊപ്പം ഇന്ദ്രൻസ് അഭിനയിച്ചിരുന്നു. മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. കഥാപാത്രത്തിന് ഇന്ദ്രൻസിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനുള്ളതുപോലെ ഗൂഗിൾപേ ചെയ്യാൻ തനിക്ക് അറിയില്ലെന്ന് തുറന്നുപറയുകയാണ് ഇന്ദ്രൻസ്. സിനിഉലഗം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്.
തനിക്ക് ഗൂഗിൾപേ ഉപയോഗിക്കാൻ അറിയില്ലെന്ന ഇന്ദ്രൻസിന്റെ കഥാപാത്രം ചിത്രത്തിൽ വൈകാരികമായി പറയുന്നത് ആരാധകരെ ഏറെ സ്വാധീനിച്ചിരുന്നു. തന്റെ ജീവിതത്തിൽ സ്‌മാർട് ഫോൺ വാങ്ങാൻ കാരണം മമ്മൂട്ടിയാണെന്ന് ഇന്ദ്രൻസ് വ്യക്തമാക്കുന്നു.ഫോൺവിളിക്കുന്ന എല്ലാവർക്കും നൽകിയിരുന്നത് തന്റെ മകന്റെ നമ്പരായിരുന്നെന്നും എല്ലാവർക്കും സന്ദേശം നൽകിയിരുന്നതും മകനായിരുന്നെന്നും ഇന്ദ്രൻസ് പറയുന്നു. ഒരിക്കൽ മമ്മൂട്ടി വിളിച്ച ശേഷമാണ് സ്‌മാർട് ഫോൺ വാങ്ങിയത്. 'എനിക്കിപ്പോഴും ഗൂഗിൾപേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും അറിയില്ല. ഈയടുത്താണ് സ്‌മാർട്‌ഫോൺ തന്നെ വാങ്ങിയത്. മമ്മൂട്ടിസാർ ഒരിക്കൽ എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. എന്റെ മകന്റെ നമ്പരാണ് ഞാൻ എല്ലാവർക്കും കൊടുത്തത്. എല്ലാവർക്കും മെസേജയക്കുന്നതും അവനാണ്. മമ്മൂട്ടി സാർ എനിക്ക് ഫോൺ കൊടുക്കാൻ അവനോട് പറഞ്ഞു. എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ?'- മമ്മൂട്ടി ഇങ്ങനെ ചോദിച്ചതായി ഇന്ദ്രൻസ് പറയുന്നു. എന്തുകൊണ്ട് ഫോൺ എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. അതോടെയാണ് താൻ സ്‌മാർട്‌ഫോൺ വാങ്ങിയതെന്നും പക്ഷെ ഇപ്പോഴും അത് നന്നായി ഉപയോഗിക്കാൻ അറിയില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |