കാൽനട യാത്രക്കാരുടെ മേൽ കാർ പാഞ്ഞുകയറി രണ്ട് മരണം, മരിച്ചവരിൽ സിനിമാ നടനും
കണ്ണൂർ: നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരുടെ മേൽ പാഞ്ഞുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. ടയർ പഞ്ചർ ഷോപ്പ് ഉടമ സജീഷ് (52), സിനിമാ താരം ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂത്തുപറമ്പ് കണ്ണവം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലായിരുന്നു അപകടം നടന്നത്. പേരാവൂർ ഭാഗത്തുനിന്നും അതിവേഗത്തിൽ വന്ന കാർ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സജീഷിനെയും ഇസ്മായിലിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടാക്കിയ ശേഷം സമീപത്തെ പൊലീസ് ക്യാമറാ പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. രണ്ടുപേരും തൽക്ഷണം മരിച്ചു.
അപകടത്തിൽ മരിച്ച ഇസ്മായിൽ മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ്. വിനയൻ സംവിധാനം ചെയ്ത 'അത്ഭുത ദ്വീപ്' ഉൾപ്പെടെ നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കണ്ണവം സ്വദേശികളായ പരേതരായ അബ്ദുറഹ്മാൻ ആയിഷ ദമ്പതികളുടെ മകനാണ്. മരിച്ച സജീഷ് തൊടീക്കളം കൂടൽ സ്വദേശിയാണ്. കണ്ണവം പൊലീസ് സ്റ്റേഷന് മുൻവശത്ത് സ്വന്തമായി ടയർ പഞ്ചർ കട നടത്തി വരികയായിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.