SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.34 PM IST

'കോൺഗ്രസിൽ ഇത്രയും വലിയ വിവരദോഷിയോ, ഒരാൾ മരിച്ച് കിടക്കുമ്പോഴാണോ മുഖ്യമന്ത്രിയെ ഷോൾ അണിയിക്കുന്നത്'

mallika-sukumaran

നടൻ സലിം കുമാറിന്റെ സംസ്‌കാരചടങ്ങുകൾക്കിടെ മൊബൈൽ ക്യാമറകളുമായെത്തി തിക്കുംതിരക്കും കൂട്ടിയ ഓൺലൈൻ മീഡിയകൾക്കെതിരെ അദ്ദേഹത്തിന്റെ മകൻ ചന്തു പൊട്ടിത്തെറിച്ചത് ഏറെ ചർച്ചയായിരുന്നു. ഓൺലൈൻ മീഡിയകൾക്കെതിരെ പ്രമുഖരടക്കം നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഇതേപോലൊരു അനുഭവസ്ഥയാണ് ഞാൻ. സുകുവേട്ടന്റെ ബോഡി എടുക്കാറായപ്പോൾ പ്രാർത്ഥനയായിരുന്നു ഞങ്ങൾക്ക് ഇപ്പോൾ എടുക്കല്ലേ, വൈകണേ എന്നെല്ലാം. അത്രയും സമയം കൂടി അദ്ദേഹത്തെ കാണാമല്ലോ. ഇങ്ങനെയൊരു അവസ്ഥയിലായിരുന്നു സലിം കുമാറിന്റെ കുടുംബവും. അപ്പോൾ ആ മോൻ പ്രതികരിക്കാതിരിക്കുമോ. സോഷ്യൽ മീഡിയക്കാർ കുറച്ചുകൂടി വകതിരിവോടെ പെരുമാറണം. ഇവർക്ക് കുറച്ച് കണ്ടന്റ് വേണം. അത് പത്തുപേർ കാണണം, കാശുണ്ടാക്കണം. ഇങ്ങനെയാണോ കാശുണ്ടാക്കേണ്ടത്. വിദ്യാഭ്യാസവും വകതിരിവും മര്യാദയുമില്ലാത്തവരാണോ ഇങ്ങനെ ഫോണുമായി നടക്കുന്നത്.

മൃതദേഹം കാണാനെത്തിയ മുഖ്യമന്ത്രി വി ഡി സതീശനോട് ബഹുമാനം തോന്നി. ഒരു പ്രവർത്തകൻ ഷോൾ അണിയിക്കാനെത്തിയപ്പോൾ അദ്ദേഹം അത് തട്ടിമാറ്റി. ഇതാരാണാവോ കോൺഗ്രസിൽ ഇത്രയും വലിയ വിവരദോഷി. ഇവരെയൊന്നും പാർട്ടിയിലോക്ക് കയറാൻ സമ്മതിക്കരുത്. സലിം കുമാറിനെ അവസാനമായി കുറച്ചുസമയം സ്വസ്ഥമായി കാണാൻ ഭാര്യയ്‌ക്കും മക്കൾക്കും അവകാശമില്ലേ. ഈ സമയത്തെങ്കിലും മാദ്ധ്യമങ്ങളെ ഒഴിവാക്കണം. അങ്ങനെയൊരു നിയമം വരണം. ഞാൻ നൂറുശതമാനവും ആ കുഞ്ഞിനൊപ്പമാണ്. അത് വല്ലാത്തൊരു വേദനയാണ്. ഞങ്ങൾ കണ്ടവർക്കേ അത് മാറിയിട്ടില്ല. അപ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ ആലോചിച്ച് നോക്കൂ.

സിനിമാക്കാരിലും ചിലരുണ്ട്. ക്യാമറയ്‌ക്ക് മുന്നിൽ വരാൻ വേണ്ടി മാത്രം വരുന്നവർ. തൊട്ടടുത്ത് സലിമിന്റ ഭാര്യയും മക്കളും ഇരിക്കുന്നത് അവർ കണ്ടില്ല. മനുഷ്യർക്ക് വിവരമില്ലാതായിപ്പോയാൽ പിന്നെ ഇതാണവസ്ഥ. 30 വർഷം മുമ്പ് സുകുമാരേട്ടൻ മരിക്കുമ്പോൾ പൃഥ്വി പറഞ്ഞതാണ്. എന്തിനാണമ്മേ ഇവരെയെല്ലാം ഇവിടേക്ക് കയറ്റുന്നതെന്ന്. അന്ന് ആ പത്താം ക്ലാസുകാരനുണ്ടായിരുന്ന വിവരം ഇന്ന് ഇവിടെ പലർക്കും ഇല്ല. അവർ മരിക്കുന്നവരെ കാണാനല്ല വരുന്നത്. താരങ്ങളോടൊപ്പം സെൽഫി എടുക്കാനാണ്' - മല്ലിക സുകുമാരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MALLIKA SUKUMARAN, SALIM KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY