സന്യാസം സ്വീകരിച്ച് മമത കുൽക്കർണി
മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ച് ബോളിവുഡ് താരം മമത കുൽക്കർണി. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസ ദീക്ഷ സ്വീകരിച്ച മമത യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. രണ്ടുവർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ഏറെക്കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന മമത വിവാഹത്തിനുശേഷം കെനിയയിലാണ് താമസിച്ചിരുന്നത്. 25 വർഷത്തിനു ശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിൽ എത്തുന്നത്. 2016ൽ താനെയിൽ നിന്ന് രണ്ടായിരം കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും പങ്കുണ്ടെന്ന് കേസുണ്ടായിരുന്നു . എന്നാൽ കഴിഞ്ഞ ആഗസ്റ്റിൽ കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി .അതേസമയം മമതയുടെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് സൽമാൻ ഖാൻ നായകനായ കർൺ അർജുൻ ആണ്. കുഞ്ചാക്കോ ബോബൻ നായകനായ ചന്ദാമാമ സിനിമയിൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട് മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2003ൽ സിനിമ ഉപേക്ഷിച്ച മമത ലഹരിമരുന്ന് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ വിവാദത്തിലാകുകയും ചെയ്തു. സന്യാസം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് മമത ഇൻസ്റ്റഗ്രാമിലൂടെ നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. 1996ൽ ആണ് താൻ ആത്മീയ പാതയിലേക്ക് അടുത്തതെന്നും ഗുരു ഗഗൻ ഗിരി മഹാരാജാണ് തന്നെ ആത്മീയപാതയിലേക്ക് നയിച്ചതെന്നും അവർ മുൻപ് വെളിപ്പെടുത്തിയിരുന്നു.