'രവിമോഹൻ മദ്യത്തിനും മയക്കുമരുന്നിനും അടിമ, പെൺസുഹൃത്ത് ഉപേക്ഷിച്ചതിന് കാരണം ഇരുവർക്കും ഇടയിലെ വഴക്ക്'

Wednesday 20 May 2026 2:45 PM IST

നടൻ രവി മോഹനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. രവിമോഹൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായതിനാലാണ് ഒപ്പമുള്ളവർ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നതെന്ന് സുചിത്ര പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് രവിമോഹനെതിരെ ഗായിക ആരോപണങ്ങൾ ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം രവിമോഹൻ നടത്തിയ പത്രസമ്മേളനം അദ്ദേഹം സ്വബോധത്തിൽ ചെയ്‌തതല്ലെന്നും അദ്ദേഹത്തിന്റെ ഉള്ളിലെ മദ്യവും മയക്കുമരുന്നുമാണ് അങ്ങനെ ചെയ്യിച്ചതെന്നും സുചിത്ര ആരോപിച്ചു. സത്യത്തിനൊപ്പം സത്യമല്ലാത്ത പല കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ടെന്നും സുചിത്ര കൂട്ടിച്ചേർത്തു.

'അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ശരിക്കും ആശങ്കയുള്ളവർ ചെയ്യേണ്ടത്, അദ്ദേഹത്തെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള ചികിത്സയും മാനാസികാരോഗ്യത്തിനുള്ള ചികിത്സയും നൽകുകയെന്നതാണ്. അതല്ലാതെ അയാളെ ആർതിക്കൊപ്പം ചേർത്തുവയ്‌ക്കണോ കെനിഷയ്‌ക്കൊപ്പം ചേർത്തുവയ്‌ക്കണോയെന്ന ചർച്ചയല്ല നടത്തേണ്ടത്. സഹായിക്കണം എന്ന നല്ല ഉദ്ദേശ്യത്തോടെ സമീപിക്കുന്നവരെയെല്ലാം അയാൾ ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്. പിന്നെയെങ്ങനെ അദ്ദേഹത്തെ സഹായിക്കാൻ കഴിയും. മദ്യവും മയക്കുമരുന്നും എപ്പോഴും മുന്നിലേക്ക് വച്ചുനീട്ടുന്ന ആളുകളെയാണ് അദ്ദേഹം ചുറ്റും നിർത്തിയിരിക്കുന്നത്'- സുചിത്ര പറഞ്ഞു.

രവിമോഹനുമായുണ്ടായ വഴക്കിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ സ്‌ത്രീസുഹൃത്ത് ഉപേക്ഷിച്ചത്. ആ കുറ്റം മറ്റുള്ളവരുടെമേൽ ആരോപിക്കാനാണ് താരം ശ്രമിക്കുന്നതെന്നും സുചിത്ര പറഞ്ഞു.

'സോഷ്യൽ മീഡിയാ ലോകം എന്തെങ്കിലും കിട്ടാനായി കാത്തിരിക്കുകയാണ്. അപ്പോഴാണ് നിങ്ങൾ ഓരോ കണ്ടന്റ് ഇട്ടുകൊടുക്കുന്നത്. അതിൽ ആരും പ്രതികരിക്കരുതെന്നും പോസിറ്റീവായി മാത്രമെ പ്രതികരിക്കാവൂ എന്നൊക്കെ പറഞ്ഞാൽ എങ്ങനെ ശരിയാകും? ജയൻ രവി, നിങ്ങൾ ടൈം മെഷീനിൽ കയറി പഴയകാലത്തിലേക്ക് പോയി അയോദ്ധ്യയിലെ രാമനെപ്പോലെയാകൂ'- സുചിത്ര കൂട്ടിച്ചേർത്തു.