ബിരുദമുള്ളവർക്ക് ബാങ്കിൽ ജോലി നേടാം; ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ എട്ട്

Tuesday 02 June 2026 11:04 AM IST

പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയിൽ രാജ്യത്തുടനീളമുള്ള ശാഖകളിലായി 5,000 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ മാത്രം 111 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദം പാസായ തീയതി മേയ് അഞ്ച് 2026ന് മുമ്പുള്ള നാല് വർഷ പരിധിയിൽ കഴിയരുത്. പ്രായപരിധി കുറഞ്ഞത് 20ഉം പരമാവധി 28ഉം ആണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന കാലയളവിൽ പ്രതിമാസം 15,000 രൂപ വീതം സ്റ്റൈപ്പൻഡായി ലഭിക്കുന്നതാണ്. ഓൺലൈൻ എഴുത്ത് പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ, സർട്ടിഫിക്കറ്റ് - മെഡിക്കൽ പരിശോധന എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായായിരിക്കും തിരഞ്ഞെടുപ്പ്. ജൂൺ എട്ട് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ജനറൽ, ഒബിസി ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് 800 രൂപയും സ്‌ത്രീകൾക്ക് 600 രൂപയുമാണ് അപേക്ഷാ ഫീസ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് 600 രൂപയാണ്. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്.