കൊച്ചി മെട്രോയിൽ ജോലി, ശമ്പളം 52,000 രൂപ; 62 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം
കൊച്ചി മെട്രോയിൽ 2026ലെ ഫ്ലീറ്റ് സൂപ്പർവൈസർ തസ്‌തികയിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂൺ പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കേരള പൊലീസിന്റെ അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പുകളിൽ സബ് ഇൻസ്‌പെക്‌ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ എന്നീ റാങ്കുകളിൽ കുറയാത്ത തസ്‌തികകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് നിയമ നിർവഹണത്തിലും ട്രാഫിക് നിയന്ത്രണത്തിലും കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
56നും 62നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 52,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം കൃത്യമായി വായിക്കണം. കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതകളും മുൻപരിചയവും തെളിയിക്കുന്ന കൃത്യമായ രേഖകൾ ഇതോടൊപ്പം വയ്‌ക്കേണ്ടതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം കൃത്യമായി പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തുക.