യഥാർത്ഥ പ്രതിപക്ഷത്തിന്റെ പങ്കുവഹിക്കും: ബി.ബി.ഗോപകുമാർ

Wednesday 27 May 2026 9:52 PM IST

തിരുവനന്തപുരം: നിയമസഭയിൽ മൂന്ന് അംഗങ്ങൾ മാത്രമാണുള്ളതെങ്കിലും യഥാർത്ഥ പ്രതിപക്ഷത്തിന്റെ പങ്കുവഹിക്കാൻ ബി.ജെ.പി ശ്രമിക്കുമെന്ന് സഭയിലെ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ട ചാത്തന്നൂർ നിയമസഭാംഗം ബി.ബി.ഗോപകുമാർ പറഞ്ഞു.

ഇടതുമുന്നണിയും യു.ഡി.എഫും ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. പൊതുവിഷയങ്ങളിൽ അവർക്ക് സമാനനിലപാടാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രശ്നങ്ങളും രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാന താത്പര്യം സംരക്ഷിക്കാനും ബി.ജെ.പി പൊരുതും. മുൻ കേന്ദ്രമന്ത്രിമാരെന്ന നിലയിൽ അനുഭവസമ്പന്നരായ വി.മുരളീധരന്റേയും രാജീവ് ചന്ദ്രശേഖറിന്റേയും അറിവ് ഇതിനു കരുത്തേകും. മുതിർന്നനേതാക്കളായ രണ്ട് അംഗങ്ങളുടേയും ഉപദേശനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. സർക്കാരിന് വികസന കാര്യങ്ങളിൽ വിഷയാധിഷ്ഠിത പിന്തുണ നൽകുമെന്നും വികസിത കേരളമാണ് എൻ.ഡി.എ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ സീനിയോറിറ്റിയിൽ വി.മുരളീധരനാണ് മുന്നിൽ. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ രാജീവ് ചന്ദ്രശേഖർ സംസ്ഥാനത്തെ പ്രധാനിയാണ്. നിയമസഭാ കക്ഷി നേതൃസ്ഥാനം വി.മുരളീധരനു നൽകുമെന്നായിരുന്നു പൊതുധാരണ. എന്നാൽ സംസ്ഥാന പ്രസിഡന്റ് കൂടി എം.എൽ.എ ആയ സാഹചര്യത്തിൽ ആ പദവിയും സംസ്ഥാന പ്രസിഡന്റായ രാജീവ് ചന്ദ്രശേഖറിനു നൽകണമെന്ന നിർദ്ദേശവും ഉയർന്നു. ഈ സാഹചര്യത്തിലാണ് ബി.ബി.ഗോപകുമാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനം ഏൽപിക്കാൻ തീരുമാനമായത്.