ക്രിപ്റ്റോകറൻസി തട്ടിപ്പ്: ഒരാൾകൂടി റിമാൻഡിൽ

Thursday 28 May 2026 12:16 AM IST

കൊച്ചി: ക്രിപ്റ്റോകറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത ലിബർട്ടാസ് ബ്ലോക്ക്‌ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ സ്റ്റാൻലി സൈമണിന്‌ വിദേശ കമ്പനികളുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം. മണിചെയിൻ മാതൃകയിൽ നടത്തിയ തട്ടിപ്പിൽ നിന്ന് കിട്ടുന്ന കോടിക്കണക്കിന് രൂപ വിദേശകമ്പനികളിലേക്ക് വകമാറ്റിയെന്നാണ് വിവരം.

ചൊവ്വാഴ്ച അറസ്റ്റിലായ സ്റ്റാൻലിയുടെ ഭാര്യ സീനത്ത് സ്റ്റാൻലിയെ (46) ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്റ്റാൻലിയുൾപ്പെടെ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. വിദേശ കമ്പനികളുടെ ഔട്ട്സോഴ്സ് എന്ന നിലയിലാണ് ലിബർട്ടാസ് പ്രവർത്തിച്ചതെന്നാണ് സംശയിക്കുന്നത്. ലൈബീരിയ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ സ്റ്റാൻലി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് കേരളത്തിൽ തിരിച്ചെത്തി ലിബർട്ടാസ് തുടങ്ങിയത്. വിദേശികൾ ഉൾപ്പെടെയാണ് കമ്പനിയെ നിയന്ത്രിക്കുന്നത്.