അക്രമിസംഘത്തെ പാർട്ടി ഓഫീസിൽ ഒളിപ്പിച്ചു
തിരുവനന്തപുരം : പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ അക്രമിച്ചവരെ സംഭവസ്ഥത്ത് വച്ച് പിടികൂടാനുള്ള പൊലീസ് നീക്കം പാളി. പൊലീസിന് പിടികൊടുക്കാതിരിക്കാൻ പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം ലഭിച്ചു. പൊലീസ് സേനയിലെ ചിലരിൽ നിന്നു പ്രവർത്തകർക്ക് സഹായം ലഭിച്ചെന്നാണ് വിവരം. രക്ഷപ്പെട്ട് എ.കെ.ജി സെന്ററിലെത്താനായിരുന്നു അദ്യനിർദേശം. എന്നാൽ, പിടിക്കപ്പെടുമെന്നും ഉടൻ പാളയം ഏര്യാ കമ്മിറ്റി ഓഫീസിലേക്ക് കയറാനും ഫോണിലൂടെ നിർദ്ദേശം നൽകിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിട്ടുള്ള വിവരം. ഇ.ഡി ഉദ്യോഗസ്ഥരെത്തിയ കാറുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷവും അക്രമിസംഘം അവിടെ നിലയുറപ്പിച്ചിരുന്നു. കൂടുതൽ പൊലീസ് എത്തിയതോടെ ഇവർ ബേക്കറി ജംഗ്ഷൻ ഭാഗത്തേക്ക് നടന്നു. പിന്നാലെ പോയ പൊലീസ് ഒരാളെ ബേക്കറി ജംഗ്ഷൻ ഭാഗത്ത് നിന്ന് പിടികൂടി. അപ്പോഴേക്കും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തി പൊലീസുകാരുമായി വാക്കേറ്റമായി. ഇതിനിടെയാണ് അക്രമികൾ എ.കെ.ജി സെന്ററിലേക്ക് എത്താൻ നിർദ്ദേശം കിട്ടിയത്. സെന്റർ ലക്ഷ്യമാക്കി പ്രവർത്തകർ നീങ്ങുന്നതിനിടെയാണ് മറ്റൊരു ഫോൺകോൾ വന്നത്. അതുവരെ എത്താൻ സാവകാശം കിട്ടില്ലെന്നും പിടിയിലാവുമെന്നും ഉടൻ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറാനും നിർദ്ദേശം നൽകി. ഇതോടെയാണ് പഞ്ചാപുര ജംഗ്ഷനിലെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തർ ഓടിക്കയറിയത്. പിന്നാലെ പൊലീസ് ഓഫീസ് വളഞ്ഞു.
ഇ.ഡി. ക്കെതിരായ ആക്രമണം ലജ്ജാകരം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അവരുടെ വാഹനം ആക്രമിക്കുകയും ചെയ്ത സി.പി.എം.നടപടി ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ല.ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയോ നീതി അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പാക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പകപോക്കൽ
ന്യൂഡൽഹി: പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സി.പി.ഐ നാഷണൽ സെക്രട്ടേറിയറ്റ് പ്രതികരിച്ചു. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന്റെ മറ്റൊരു തെളിവാണിത്. ഇടതുപാർട്ടികളെ ഭയപ്പെടുത്താനാണ് ശ്രമം. ഇത്തരം നടപടികൾ ജനാധിപത്യത്തിനും ഫെഡലറിസത്തിനും ഗുരുതര ഭീഷണിയാണെന്നും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.