അപലപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ; ഡൽഹി ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച്

Thursday 28 May 2026 2:00 AM IST

ന്യൂഡൽഹി: പിണറായി വിജയന്റെ വസതിയിലെ റെയ്‌ഡിനെ രൂക്ഷമായ ഭാഷയിൽ അപലപിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ, ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ചും നടത്തി. ഇന്നലെ രാവിലെ അവയ്ലെബിൾ പി.ബി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഉച്ചയ്‌ക്ക് മൂന്നു മണിയോടെ ഖാൻ മാർക്കറ്റ് പരിസരത്തുനിന്ന് ഇ.ഡി ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡോ.എ.പി.ജെ അബ്‌ദുൾ കലാം റോഡിലെ പ്രവർത്തൻ ഭവനിലേക്ക് പ്രതിഷേധപ്രകടനമായി നീങ്ങി. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബേബിയെ കൂടാതെ മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട്, പി.ബി. അംഗങ്ങളായ അശോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, വിജുകൃഷ്‌ണൻ,കേന്ദ്രകമ്മിറ്റി അംഗം വിക്രം സിംഗ് എന്നിവരും പങ്കെടുത്തു. ഈ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. പിണറായിയെ ലക്ഷ്യമിട്ട് നടക്കുന്നത് ആസൂത്രിതമായ രാഷ്ട്രീയ നാടകമാണെന്ന് എം.എ. ബേബി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ, കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് റെയ്ഡ് നടന്നിരിക്കുന്നത്. കേസുമായി പിണറായിക്ക് യാതൊരു ബന്ധവുമില്ല. വീണയുടെ പിതാവായതിന്റെ പേരിലും പിണറായിയെ ലക്ഷ്യമിടുന്നു. കരിമണൽ കമ്പനിയുടെ ഡയറിയിൽ പേരുള്ള ചില നേതാക്കൾ സർക്കാരിൽ ഉന്നത പദവികളിലുണ്ട്. അവരെയെല്ലാം ഒഴിവാക്കി പിണറായിയെ ലക്ഷ്യമിടുന്നത് രാഷ്ട്രീയ പകപോക്കലാണ്. രാഷ്ട്രീയമായി കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.