'രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയി'; ഫസൽ വധക്കേസിലെ നിർണായക തെളിവ് കാണാനില്ല
കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയിൽ നിന്ന് കാണാതായി. കേസിലെ നിർണായക തെളിവായ ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിസ്താരത്തിനിടെ തൂവാല ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂവാല കാണാനില്ലെന്ന് അറിഞ്ഞത്.
സീൽ ചെയ്ത കവറിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. തൂവാല കാണാനില്ലെന്നും എലി കരണ്ടതായും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് തൂവാല കാണാതായതെന്ന് കൂടുതൽ പരിശോധിക്കേണ്ടതായി ഉണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിക്കുന്നത്. ഫസൽ വധത്തിന് ശേഷം പ്രതികൾ രക്തംപുരണ്ട ഈ തൂവാല മറ്റൊരിടത്ത് കൊണ്ട് ഇട്ടിരുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ തൂവാല ആദ്യം കണ്ടയാളുടെ സാക്ഷിവിസ്താരം നടത്തുന്നതിനിടെയാണ് തൂവാല നഷ്ടമായെന്ന് സിബിഐ കോടതിയെ അറിയിച്ചത്.
2006 ഒക്ടോബർ 22നാണ് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന എൻഡിഎഫ് പ്രവർത്തകൻ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം നോമ്പ് ദിവസം പുലർച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരൻ കൂടിയായ ഫസൽ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിബിഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസൽ വധക്കേസ്. ഫസൽ വധക്കേസിൽ കണ്ണൂരിലെ സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടു സിപിഎമ്മുകാരെ പ്രതി ചേർത്തായിരുന്നു സിബിഐ കുറ്റപത്രം സമർപ്പിച്ചത്.