ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം'; മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്‌ഐടിയുടെ കണ്ടെത്തൽ, നാലുപേർക്കെതിരെയും നടപടിവരും

Friday 22 May 2026 8:07 AM IST

ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ തല്ലിച്ചതച്ച സംഭവത്തിൽ നാല് ഗൺമാന്മാർക്കെതിരെ നടപടിക്ക് നീക്കം. മർദ്ദനം ചട്ടവിരുദ്ധമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്.പി. ഷൗക്കത്തലി ഡിജിപിക്ക് റിപ്പോർട്ട് ഉടൻ കൈമാറും. പൊലീസിന്റെ നടപടി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും എസ്‌ഐടി പറയുന്നു.

എം.എൽ.എ എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയുമാണ് ഗൺമാന്മാ‌ർ തല്ലിച്ചതച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസിൽ നിന്ന് കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിലേക്ക് വിളിച്ചുവരുത്തി എസ്.പി ഷൗക്കത്തലിയും സംഘവും അന്വേഷണ നടപടികളും മൊഴികളും വിലയിരുത്തിയിരുന്നു. അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി ബൈജു കെ. പൗലോസ് കൂടിയെത്തിയശേഷം ഗൺമാൻമാരെ ചോദ്യം ചെയ്യാനായി ആലപ്പുഴയിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന അനിൽകുമാർ സുരക്ഷാസംഘത്തിലെ സന്ദീപ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. കണ്ടാലറിയാവുന്ന മറ്റ് ചിലരും പ്രതികളായുണ്ട്.

2023 ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അകമ്പടി വാഹനത്തിലെ ഗൺമാൻമാർ പൊതിരെ തല്ലിയത്. എ.ഡി. തോമസിനും അജയ് ജ്യുവൽ കുര്യാക്കോസിനും തലയ്ക്കും കൈകാലുകൾക്കും മാരകമായി പരിക്കേറ്റ സംഭവത്തിൽ കോടതിയെ സമീപിച്ച് രജിസ്റ്റ‌ർ ചെയ്യിച്ച കേസ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലും രാഷ്ട്രീയ സ്വാധീനവും കാരണം അട്ടിമറിക്കപ്പെടുകയായിരുന്നു.

മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായെങ്കിലും തെളിവില്ലെന്ന പേരിൽ ഡിവൈ.എസ്.പിയുടെ റഫർ റിപ്പോർട്ടിന് ശേഷമാണ് ദൃശ്യങ്ങൾ പരിശോധിച്ച ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2024 നവംബറിൽ കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും അവർ കുറ്റക്കാരല്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച കേസിലാണ് പുതിയ സർക്കാരിന്റെ തീരുമാന പ്രകാരം ഏഴംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ആരംഭിച്ചത്.