'ഞാൻ 13ന്റെ ആളാണ്, 13ന് എന്താ കുഴപ്പം';  കാർ ഏറ്റെടുത്തത് ആരെയും വെല്ലുവിളിക്കാനല്ലെന്ന് മന്ത്രി കെ എം ഷാജി

Friday 22 May 2026 8:27 AM IST

തിരുവനന്തപുരം: ആരും ഏറ്റെടുക്കാതിരുന്ന 13-ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചു വാങ്ങിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. 13-ാം നമ്പർ കാർ ഒരു പാവമായി കിടക്കുന്നത് കണ്ടു. അങ്ങനെയാണ് ഏറ്റെടുത്തതെന്ന് മന്ത്രി പറയുന്നു. ടൂറിസം വകുപ്പാണ് കാർ അനുവദിക്കുന്നത്. ഷാജിക്ക് അനുവദിച്ച ഒൻപതാം നമ്പർ കാർ നൽകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചതോടെ വിട്ടുകൊടുത്തിരുന്നു.

'പരീക്ഷിക്കാനായി നിർഭാഗ്യം വന്നേക്കാം. അത് 13 ആയതുകൊണ്ടല്ല. ലോകത്ത് എന്തെല്ലാം നിർഭാഗ്യങ്ങളാണുള്ളത്. എത്ര മനുഷ്യരാണ് കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കുന്നത്. അത് 13 എടുത്തതുകൊണ്ടായിരിക്കില്ല. എനിക്കതിൽ വിശ്വാസമില്ല. ജീവിതയാത്രയിൽ സുഖവും സന്തോഷവും വരും. അത് ഏതെങ്കിലും നമ്പർ കൊണ്ടല്ല. കാർ ഏറ്റെടുത്തത് ആരെയും വെല്ലുവിളിക്കാനല്ല. ഇത്രയും വാർത്താപ്രാധാന്യമുണ്ടെന്ന് മനസിലാക്കിയതുപോലും കാർ എടുത്തതിനുശേഷമാണ്. 13നെ ആരും അവഗണിക്കേണ്ട ആവശ്യമില്ല. ഞാൻ 13ന്റെ ആളാണ്. 13ന് എന്താ കുഴപ്പം'- കെ.എം.ഷാജി വ്യക്തമാക്കി.

പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ പുതിയ മന്ത്രിമാർ വേണ്ടെന്ന് പറഞ്ഞതോടെ 13-ാം നമ്പർ ഒഴിവാക്കിയാണ് വാഹനം അനുവദിച്ചത്. മുൻസർക്കാരുകളുടെ കാലത്തും 13ാം നമ്പർ കാർ വാർത്തയിലിടം പിടിച്ചിരുന്നു. കൂടാതെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനോട് തൊട്ടുചേർന്ന മൻമോഹൻ ബംഗ്ലാവിൽ താമസിച്ചാൽ കാലവധി പൂർത്തിയാക്കാനാവില്ലെന്നായിരുന്നു മറ്റൊരു വിശ്വാസം. യുവമന്ത്രി ഒ.ജെ.ജനീഷാണ് ഈ വീട് ഏറ്റെടുത്തത്.